സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയുമെന്ന കനത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരകളിയുമായി മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷമാകട്ടെ പ്രഖ്യാപിച്ച സമര പരിപാടികള്‍ പോലും മാറ്റിവച്ചു. കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എം.പിമാരെയും എം.എല്‍.എമാരെയും മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളത്? വിഡി കുറ്റപ്പെടുത്തി.
സി.പി.എമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജ്ല്ലാ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍? വിഡി സതീഷന്‍ പറഞ്ഞു.
അതെസമയം കെ- റെയില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആര്‍.നിയമ വിരുദ്ധമായാണ് സര്‍ക്കാര്‍ കെ- റെയില്‍ എന്നു രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സര്‍ക്കാരാണ്, അല്ലാതെ കല്ല് പിഴുതെറിഞ്ഞവരല്ല പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.