ഇടുക്കി ഡാമിനെ പുറമേ പമ്പ ഇടമലയാർ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും.പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാർ രാവിലെ ആറിനും തുറക്കും. ഇടുക്കി അണക്കെട്ട് രാവിലെ 11 മണിയോടെയാണ് തുറക്കുക
പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍
19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്‌ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവായി. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുന്നതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ ആറിന് തുറക്കും
ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല.
ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും, തുലാവർഷത്തോടനുബന്ധിച്ച്
വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി.
ഇതിന് പുറമെ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ട സാഹചര്യം
ഉണ്ടായാൽ രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണ് ഇടമലയാറിലെ അധികജലം ഒഴുക്കി നിരപ്പ് ക്രമീകരിച്ചു നിർത്തുന്നത്.
ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെങ്കിലും, ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതിന് അനുമതി നൽകുന്നത്.
പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 100 ക്യുബിക്ക് മീറ്റർ/സെക്കന്റ് മാത്രമായതിനാൽ പെരിയാറിൽ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.