സി.പി.എമ്മുകാര്‍ക്ക് ഹെല്‍മറ്റ് ബാധകമല്ലെന്ന സര്‍ക്കുലര്‍ ഇറക്കണമെന്നും മാസപ്പടി വിവാദത്തില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ്? വി.ഡി. സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാരെ പിടിച്ചാല്‍ പാര്‍ട്ടി ജില്ല സെക്രട്ടറി പൊലീസുകാരെ വിരട്ടും. തിരുവനന്തപുരത്ത് സി.പി.എം ജില്ല സെക്രട്ടറി പൊലീസിനെ പരസ്യമായി പുലഭ്യം പറഞ്ഞു. ഇതൊക്കെ അനീതിയാണ്. കേരള പൊലീസിനെ ഏറ്റവും ദുര്‍ബലമാക്കുന്നതിന്റെ ഉദാഹരണമാണിത്. പാര്‍ട്ടി നേതാക്കള്‍ക്ക് ദാസ്യവേല ചെയ്യുന്ന സംവിധാനമാക്കി പൊലീസിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും എതിരെ ഇനി പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ്. എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം. മണിക്കെതിരെ നടപടിയെടുക്കണം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സി.പി.എം ഇതുവരെ പറഞ്ഞിരുന്നത്. പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടും നടപടിയെടുക്കാന്‍ ശ്രമിക്കാതെ ഒതുക്കിത്തീര്‍ത്ത് കൊള്ളയടിക്കാനുള്ള അവസരം സി.പി.എം ഒരുക്കിക്കൊടുത്തു. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ല.
സി.പി.എം ബി.ജെ.പി ധാരണയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ കേസെടുക്കാത്തത്. ശിവശങ്കര്‍ വരെ ജയിലിലായിട്ടും ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ ഒരു അന്വേഷണവും ഉണ്ടായില്ല. ഇതൊക്കെ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.