X

ജാതിവിവേചനത്തെ തുടര്‍ന്ന് പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗം രാജിവച്ചു

പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗവും രാജിവച്ചു. ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടെന്ന് ആരോപിച്ചാണ് മന്ത്രി എസ്. ചന്ദിര പ്രിയങ്ക എ.ഐ.എന്‍.ആര്‍.സി-ബിജെപി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. ഗൂഢാലോചനയുടെയും പണാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്‍ നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു. എന്നാല്‍ പ്രിയങ്കയുടെ രാജി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി എന്‍. രംഗസാമി തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് ആരായാന്‍ ഇന്ന് രംഗസാമിയുടെ ചേംബറില്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍, ‘ഞാന്‍ നിങ്ങളെ ക്ഷണിച്ചിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. 40 വര്‍ഷത്തിനു ശേഷമാണ് 2021ല്‍ ഒരു വനിത പുതുച്ചേരിയില്‍ മന്ത്രിയാകുന്നത്.

എ.ഐ.എന്‍.ആര്‍.സി ടിക്കറ്റില്‍ നെടുങ്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക നിയമസഭയിലെത്തിയത്. ഗതാഗത വകുപ്പിന്റെ ചുമതലയായിരുന്നു പ്രിയങ്കക്കുണ്ടായിരുന്നത്. സെക്രട്ടറി മുഖേന പ്രിയങ്ക മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് സിഎംഒ വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലുള്ള ജനപ്രീതി മൂലമാണ് താന്‍ നിയമസഭയിലെത്തിയതെങ്കിലും, ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുന്നത് അത്ര എളുപ്പമല്ലെന്നും പണാധിപത്യത്തിന്റെ വലിയ പ്രേതത്തിനെതിരെ പോരാടാന്‍ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും രാജിക്കത്തില്‍ പറയുന്നു.

താന്‍ തുടര്‍ച്ചയായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു. മന്ത്രിയെന്ന നിലയില്‍ താന്‍ നോക്കുന്ന വകുപ്പുകളില്‍ എന്തൊക്കെ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും പരിഷ്‌കാരങ്ങളും വരുത്തിയെന്ന് വ്യക്തമാക്കുന്നതിന് വിശദമായ റിപ്പോര്‍ട്ടുമായി ഉടന്‍ പുറത്തുവരുമെന്ന് ചന്ദിര പ്രിയങ്ക പറഞ്ഞു.

 

webdesk13: