ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എ. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു രമ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് രമ കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതിനെതിരെ സമരം വേണം. പ്രതിപക്ഷവുമായി ആലോചിച്ച് പരിപാടികള്‍ തീരുമാനിക്കുന്നതിനു പകരം ഞങ്ങള്‍ ചിലതു തീരുമാനിച്ചിട്ടുണ്ട്, നിങ്ങള്‍ അതിനൊപ്പം നില്‍ക്കണം എന്നു പറയുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും ആത്മാര്‍ഥതയില്ലാത്ത, കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനസമരം മാത്രമാണ് ഭരണകക്ഷി നടത്തുന്നതെന്നും രമ പറഞ്ഞു.
ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള ഒരു പദ്ധതിയും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈകോ നിശ്ചലാവസ്ഥയിലാണ്. തൊഴിലാളികള്‍ സ്വന്തം അധ്വാനത്തില്‍നിന്ന് അംശാദായം അടച്ച ക്ഷേമനിധി പോലും മുടങ്ങിയിരിക്കുന്നു. മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യ മാത്രമേ ഉള്ളൂ, അതു ക്ലിഫ് ഹൗസിന്റെ നവീകരണമാണ്. ടാങ്ക് നിര്‍മിക്കാന്‍ 5.9 ലക്ഷത്തിന്റെ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. കര്‍ട്ടര്‍ നിര്‍മിക്കാന്‍ ഏഴു ലക്ഷം രൂപ. ഈ കര്‍ട്ടനെന്താ സ്വര്‍ണം പൂശിയതാണോ. ഇതിന്റെ ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തില്‍ വയ്ക്കുന്നത് നന്നായിരിക്കും. സാധാരണക്കാരില്‍നിന്നു നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാല്‍ വന്‍കിടക്കാരെ ഇതു ബാധിക്കുന്നില്ല. വന്‍കിടക്കാരില്‍നിന്ന് എത്രനികുതി പിരിച്ചുവെന്നതു പരിശോധിക്കണം. നികുതി പിരിവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നെന്നും രമ കൂട്ടിച്ചേര്‍ത്തു.