X
    Categories: indiaNews

ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് സി.പി.എം വിട്ട് ബി.ജെ. പിയില്‍ ചേര്‍ന്നത്. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്‍വെച്ചാണ് ഷെല്ലിയുടെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.

ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ രവി മേഹ്ത പ്രതികരിച്ചു. 2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സി.പി.എം 2012 ല്‍ വിജയിച്ചത്. എന്നാല്‍ 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

അതേസമയം കൂടുതല്‍ സി.പി.എം നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു.അടുത്തിടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ബി. ജെ.പി പാളയത്തിലേക്ക് ചേക്കേറിയിരുന്നു. ഡെഹ്‌റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹോഷിയാര്‍ സിംഗ്, ജോഗീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് റാണ എന്നിവരാണ് സംഘ്പരിവാര്‍ കൂടാരത്തി ല്‍ എത്തിപ്പെട്ടത്.

Chandrika Web: