X

തുടരുന്ന ഫലസ്തീന്‍- ഇസ്രാഈല്‍ സംഘര്‍ഷം

ഹബീബ്‌റഹ്മാന്‍ കൊടുവള്ളി

ഇന്ന് ഫലസ്തീന്‍ ജനതയോടുള്ള
അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനം

രണ്ട് ദിവസം മുമ്പാണ് വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്ന മഹ്മൂദ് അല്‍ സഅദി എന്ന വിദ്യാര്‍ത്ഥിയെ ഇസ്രാഈല്‍ സൈന്യം നിഷ്‌കരുണം കൊലപ്പെടുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് അല്‍ ജസീറ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിനേനയെന്നോണം ഫലസ്തീന്‍ ജനതയെ ഇസ്രാഈല്‍ കൊന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. രണ്ടാം ലോക യുദ്ധ ശേഷം തങ്ങളുടെ പക്ഷത്ത് നിലകൊണ്ടാല്‍ ലോകമെങ്ങും ചിതറിക്കിടക്കുന്ന ജൂത വംശത്തിനു അഥവാ ‘രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം’ നല്‍കുമെന്ന വാഗ്ദാനം നിറവേറ്റുകയായിരുന്നു ബ്രിട്ടന്‍. പക്ഷേ അതിന് യുനൈറ്റഡ് നാഷന്‍സിനെയും വന്‍ ശക്തികളെയും സ്വാധീനിച്ചു ചിത്രത്തിലില്ലാത്ത 100 ശതമാനം മുസ്‌ലിംകളുള്ള ഫലസ്തീന്‍ രാജ്യത്തെ അഥവാ ബ്രിട്ടന് ഒരര്‍ത്ഥത്തിലും അവകാശമില്ലാത്ത മറ്റൊരു രാജ്യത്തെ മൂന്നായി വിഭജിച്ചു. ബ്രിട്ടനും ലോക വന്‍ ശക്തികള്‍ക്കും വല്യേട്ടന്‍ ചമയാനും ഏഷ്യ വന്‍ കരയിലെന്നും അശാന്തിയുടെയും അസ്വസ്ഥതയുടെയും വിത്ത് വിതച്ച് ഒരിക്കലും തങ്ങള്‍ക്കെതിരെ വിരലനക്കാതിരിക്കാനും ആയുധ വ്യാപാര മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതടക്കമുള്ള മറ്റനേകം ജുഗുപ്‌സ ഉദ്ദേശങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.

ഇസ്രാഈലിന്റെ തലസ്ഥാനമായ മസ്ജിദുല്‍ അഖ്‌സ ഉള്‍ക്കൊള്ളുന്ന ജറുസലേം ജൂതന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അത്‌കൊണ്ട്തന്നെ ഇതിന്മേലുമുള്ള ജൂതന്മാരുടെ ആധിപത്യം സദാ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ബ്രിട്ടനുംസഖ്യ രാജ്യങ്ങളും കണക്കുകൂട്ടി. ജനവാസമില്ലാത്ത ഒട്ടനേകം ഭൂപ്രദേശങ്ങള്‍ ലോകത്ത് ധാരാളമുണ്ടായിരിക്കെ തദ്ദേശീയരാല്‍ ജനനിബിഡവും ഫലഭൂയിഷ്ഠവുമായ ഫലസ്തീനില്‍ താമസിപ്പിച്ച് അന്നാട്ടുകാരെ രാജ്യഭ്രഷ്ടരാക്കി നടത്തിയ ഈ തോന്ന്യാസത്തിന് ലോക ചരിത്രത്തില്‍ മറ്റുദാഹരണങ്ങളില്ല. അതിനാല്‍ കരുത്തരും സ്വാതന്ത്ര്യ ദാഹികളുമായ ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് പൂര്‍ണമായും വിട്ട്‌കൊടുക്കുക എന്നതാണ് പൂര്‍ണ നീതിയും ന്യായവും. അതല്ലാത്ത ഒരു ചൊട്ടുവിദ്യയോ സന്ധിയോകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല 1948 മുതല്‍ ലോകം അനുഭവിക്കുന്ന ഈ തലവേദന.

ജൂത രാഷ്ട്ര പിറവിക്ക് ശേഷം ഫലസ്തീന്റെ മോചനത്തിനായി ആദ്യമായി നിലവില്‍വന്നത് യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി .എല്‍.ഒ) ആയിരുന്നു. പക്ഷേ അത് വേണ്ട രീതിയിലും ധീരമായും പ്രവര്‍ത്തിക്കുന്നില്ലെന്നും ചിലപ്പോഴെങ്കിലും സയണിസ്റ്റ് സാമ്രാജ്യത്വ ലോബിയുമായി ഒത്തുകളിക്കുന്നുണ്ടെന്നും പരിഭവപ്പെട്ട ഫലസ്തീന്‍ യുവതയും
ചെറുപ്പക്കാരും 1987 ല്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് ഹമാസ് പാര്‍ട്ടി.

ക്രമേണ ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളുടെ ശക്തി സ്രോതസും ബുദ്ധികേന്ദ്രവുമായി ഹമാസ് മാറി. ആ വര്‍ഷം തന്നെ ഒന്നാം ഇന്‍തിഫാദയെന്ന പേരില്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ പീരങ്കികള്‍ക്കും ബോംബുകള്‍ക്കുമെതിരെ ചെറു കല്ലുകള്‍ക്കൊണ്ട് പ്രതിരോധം തീര്‍ത്ത് ലോകത്തെ അത്ഭുതപ്പെടുത്തി. 1998 ല്‍ തുടങ്ങിയ രണ്ടാം ഇന്‍തിഫാദയും 2000 ല്‍ ആരംഭിച്ച അല്‍ അഖ്‌സ ഇന്‍തിഫാദയുമൊക്കെ കൂടുതല്‍ ശക്തമായി ഇപ്പോഴും തുടരുന്നു. 2006 ലെ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ഹമാസ് വിജയിച്ചതോടെ ഫലസ്തീന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സ്ഥാനത്തുണ്ടായിരുന്ന ഫത്തഹ് പിന്തള്ളപ്പെട്ടു. തുടര്‍ന്ന് ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഹമാസ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനം എന്നിടത്തു നിന്നും ഭരണ പാര്‍ട്ടി എന്ന നിലയിലേക്ക് അന്താരാഷ്ട്ര തലത്തില്‍തന്നെ ഹമാസ് വളര്‍ന്നു.

കടുത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ജൂത രാഷ്ട്രമായ ഇസ്രാഈല്‍ കടന്നു പോകുന്നത്. നാല് വര്‍ഷത്തിനുള്ളിലെ അഞ്ചാമത്തെ തിരഞ്ഞെടുപ്പാണ് ഇസ്രാഈലില്‍ നടന്നത്. ഭരണ നേതൃത്വത്തിന്റെ അഭാവം രാജ്യത്തെ ഭരണ കാര്യങ്ങളെ പാടെ താളം തെറ്റിക്കുന്നുണ്ട്. 12 വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്ന നെതന്യാഹു കഴിഞ്ഞ ജൂണിലാണ് രാജിവെക്കുന്നത്. പിന്നാലെ വന്ന യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെനറ്റ് ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെയാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ പ്രസിഡന്റ് ഇസ്സാക്ക് ഹെര്‍സോഗ് മാറി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വരാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ ഇലക്ഷന്‍ കഴിഞ്ഞു ആഴ്ചകള്‍ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നതായാണ് സൂചനകള്‍. എല്ലാ പ്രസിഡന്റുമാരും ഭരണപക്ഷവുമൊക്കെ ഇതെല്ലം മറച്ചുവെക്കാന്‍ ഫലസ്തീനികളുടെ മേല്‍ മെക്കിട്ടു കയറുകയാണ് പതിവ്. തങ്ങളാണ് ഏറ്റവും കൂടുതല്‍ ഫലസ്തീന്‍ വിരുദ്ധരെന്നും തീവ്ര വലതുപക്ഷമെന്നും തെളിയിക്കാനാണ് ഓരോരുത്തരും കിണഞ്ഞ് ശ്രമിക്കുന്നത് എന്നര്‍ത്ഥം.

Test User: