X

നിലാവെണ്‍മയുള്ള ഒരാള്‍-ടി പത്മനാഭന്‍

അയോധ്യയില്‍ പള്ളി പൊളിച്ചപ്പോള്‍ കേരളത്തില്‍ ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിലെനിക്ക് യാതൊരു സംശയവുമില്ല. സമുദായ ഐക്യം,സ്‌നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി അത്രയും പാടുപെട്ടിട്ടുണ്ട് തങ്ങള്‍. ആ ഗുണങ്ങളൊക്കെ ഏറെക്കുറെ ലഭിച്ച ബഹുമാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. സൗമ്യമായ ഇടപെടലും മറ്റുള്ളവടോള്ള ബഹുമാനവും ആദരവും സഹിഷ്ണുതയുമെല്ലാം പാണക്കാട് കുടുംബത്തിന്റെ പ്രത്യേകതയാണ്. അത് പാരമ്പര്യഗുണമാണ്. പലപ്പോഴും അത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ കുടുംബവുമായി ബന്ധവും ഏറെ ബഹുമാനവും എനിക്കുണ്ട്.

”പെരുത്തു നൂറ്റാണ്ടിനിടയിലൊരിക്കലീ
മരുപ്പറമ്പാ മുലക്കത്തിലീശ്വരന്‍
ഒരുറ്റ വൃക്ഷത്തെ നടുന്നു,പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായി”.ആ ഉത്തമ വൃക്ഷമാണ് പാണക്കാട്ടെ തങ്ങളെന്ന് മുമ്പെഴുതിയിട്ടുണ്ട്. അതു തന്നെയാണ് ഹൈദരലി തങ്ങളെക്കുറിച്ചും പറയാനുള്ളത്. സ്വഭാവ ഗുണം കൊണ്ടും നിലപാടുകള്‍ കൊണ്ടും രണ്ടു പേരും ഒന്നായിരുന്നു.കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ച ചിലര്‍ ജീവിതത്തിലുണ്ടായിരുന്നു. അതിലൊരാളാണ് പാണക്കാട്ടെ വലിയ തങ്ങള്‍. എന്നാല്‍, നേരിട്ട് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല.പക്ഷേ, അദ്ദേഹം സ്വര്‍ഗസ്ഥനായിട്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ പാണക്കാട് പോയിരുന്നു. എന്നാല്‍, എന്റെ ഭാര്യ മരിച്ചതറിഞ്ഞപ്പോള്‍ ഹൈദരലി തങ്ങള്‍ ഇവിടെയെത്തി എന്നെ ആശ്വസിപ്പിച്ചു. വേറെയും പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു കാണുവാനും പ്രസംഗിക്കുവാനും ഇട വന്നിട്ടുണ്ട്.

ഒരു തവണ ചന്ദ്രികയുടെ പഴയ കാല എഡിറ്റര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ വേദിയില്‍ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെ പ്രമുഖരെല്ലാം ഉണ്ടായിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പങ്കുവെച്ചപ്പോള്‍ തങ്ങള്‍ എന്റെ അടുത്തെത്തി ചെവിയില്‍ പറഞ്ഞു. ‘പറഞ്ഞതൊക്കെ ശരിയാണ്’ എന്ന്. അത് എനിക്കും തങ്ങള്‍ക്കും മാത്രമറിയാവുന്നതാണ്.

എനിക്ക് ഏറെ ബന്ധമുള്ള പത്രമാണ് ചന്ദ്രിക. 1950-കളില്‍ തന്നെ എന്റെ കഥയ്ക്ക് ചന്ദ്രിക പ്രതിഫലം തന്നിട്ടുണ്ട്. അന്ന് മാതൃഭൂമി 7.50 രൂപ പ്രതിഫലം നല്‍കിയപ്പോള്‍ ചന്ദ്രിക പത്ത് രൂപയാണ് തന്നത്. അത് കൊണ്ട് തന്നെ ആ പത്രവുമായും പാര്‍ട്ടിയുമായും നല്ലബന്ധമാണെനിക്ക്. തങ്ങളോട് തന്നെ ഇതു ഞാന്‍ പറഞ്ഞിട്ടുണ്ട്.

മുസ്‌ലിം ലീഗിന്റെ നേതാവോ മുസ്‌ലിംകളുടെ ആത്മീയ ആചാര്യനോ മാത്രമല്ല തങ്ങള്‍.മത സൗഹാര്‍ദത്തിന്റെ മുഖം കൂടിയാണ്. പലകാര്യങ്ങള്‍ക്കും ആശ്വാസം തേടി ജനം എത്തുന്നത് കൊടപ്പനയ്ക്കല്‍ തറവാട്ടിലാണ്. അവിടെയെത്തിയാല്‍ എല്ലാറ്റിനും പ്രതിവിധിയുണ്ട്. ഒട്ടും കാര്‍കശ്യമില്ലാതെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനുമുള്ള ആ വിശാലത പാണക്കാട് തങ്ങന്മാരില്‍ കാണുന്നു. മത സാഹോദര്യത്തിനും നമ്മുടെ നാട്ടിന്റെ ഐക്യത്തിനും വേണ്ടി വിട്ടുവീഴ്ച മനോഭാവത്തോടെയുള്ള ഇടപെടലുകള്‍ കേരളത്തിന്റെ മുതല്‍ കൂട്ടാണ്. സമൂഹത്തില്‍ വിഭാഗീയ പടര്‍ന്നു പിടിക്കുന്ന കാലത്ത്് നിലാവിന്റെ വെണ്‍മയുള്ള ഹൃദയങ്ങളുടെ വിടവാങ്ങല്‍ നമ്മെ നെമ്പരപ്പെടുത്തുന്നു.

സമുദായ ഐക്യം, സ്‌നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി പാടുപെട്ട കുടുംബമാണ് കൊടപ്പനയ്ക്കല്‍. ആ കുടുബം പ്രവാചക പരമ്പരയിലെ പിന്തുടര്‍ച്ചക്കാര്‍ എന്നാണ് വിശ്വസിക്കുന്നത്.ഇതിനാല്‍ അവരിലാ സ്വഭാവ ഗുണങ്ങളും നാം കാന്നുന്നു. മുഹമ്മദലി തങ്ങളുടെ മകന്‍ മുനവ്വറി തങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധമാണനിക്കുള്ളത്. പലകാര്യങ്ങള്‍ക്കും അദ്ദേഹം ബന്ധപ്പെടാറുണ്ട്. ഹൈദരലി തങ്ങളുടെ ആത്മാവിന് ദൈവം നിതൃശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍.

Test User: