X

പുറത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഖത്തറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക

ദോഹ: ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറുകളുമായി യോജിച്ചുപോകാത്ത വിധത്തില്‍ ഖത്തറിനെതിരായി പുറത്തുനിന്നുണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് അമേരിക്ക വ്യക്തമാക്കി.ഖത്തര്‍- അമേരിക്ക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാഷിങ്ടണില്‍ നടന്ന പ്രഥമ നയതന്ത്ര സംവാദമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും ചൂണ്ടിക്കാട്ടി. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ സംസാരിക്കുകവെയാണ് സംവാദത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞത്.

ഖത്തര്‍- യുഎസ് ബന്ധം സ്ഥാപിച്ചതിന്റെ 45-ാം വാര്‍ഷികമാണ് 2018 എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ അമേരിക്കയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിന് ഖത്തര്‍ വലിയ താല്‍പര്യമാണെടുക്കുന്നത്. കേവലം സുരക്ഷാ പ്രതിരോധ സഹകരണത്തെക്കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്, മറിച്ച് വ്യവസായ മേഖലയിലെ സഹകരണവും വലിയ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

വ്യാപാരം, നിക്ഷേപം, നികുതി ഘടന, സ്വതന്ത്ര വാണിജ്യമേഖല, വിദേശി ഉടമാവകാശം, ബാങ്കിംഗ് വ്യവസ്ഥ എന്നീ രംഗങ്ങളിലെല്ലാം ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ സ്ട്രാറ്റജിക് നയതന്ത്ര സംവാദത്തില്‍ ധാരണയായിട്ടുണ്ട്. സാങ്കേതിക വിദ്യാ വികസനം, സൈബര്‍ സുരക്ഷ, സ്മാര്‍ട് ടെക് നോളജി, വ്യോമയാനം, ജലഗതാഗതം എന്നീ മേഖലകളിലും കൂടുതല്‍ യോജിച്ചുപ്രവര്‍ത്തിക്കും. പ്രഥമ സംവാദത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഖത്തറിന്റെ ടെറിട്ടോറിയല്‍ ഇന്റഗ്രിറ്റിക്കെതിരായി പുറത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ യോജിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണയായത്.

എല്ലാ തീവ്ര വാദ നിലപാടുകളെയും സംയുക്തമായി നേരിടാനും എല്ലാത്തരം ബാഹ്യാക്രമണങ്ങളെയും സംയുക്തമായി നേരിടാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതുധാരണ രൂപപ്പെട്ടത്. ഖത്തര്‍ എന്ന സ്വതന്ത്രപരമാധികാര രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യക്തിത്വം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടുള്ള വിശാലവും തന്ത്രപ്രധാന സഹകരണത്തിനാണ് സംയുക്ത പ്രസ്താവന ഊന്നല്‍ നല്‍കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കുന്നതോടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടും.

നയതന്ത്ര സംവാദത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ 2019ല്‍ ഖത്തറില്‍ നടക്കും. അതേസമയം ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് ബോധ്യപെട്ടതായി ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധ രാജ്യങ്ങള്‍ ആരൊക്കെയാണ്, അവരുടെ ചരിത്രവും സ്വഭാവവും എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും സത്യമെന്ത് നുണയെന്ത്, ആരാണ് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം അമേരിക്ക കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

chandrika: