പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. പിഎഫ്‌ഐയുടെ ട്വിറ്റര്‍ അക്കൗണ്ടിന് 81,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
സംഘടനാ ചെയര്‍മാന്‍ ഒഎംഎ സലാം, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. നിരോധനത്തിന് മുന്നോടിയായി ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച നീക്കം കേന്ദ്രം നേരത്തെ ആരംഭിച്ചിരുന്നു.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞ ദിവസം നിരോധിച്ച്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.
ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ജൂനിയര്‍ ഫ്രണ്ട് എന്നിവയാണ് ആ അനുബന്ധ സംഘടനകള്‍.
രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.