X

യുവസാഗരം അലയടിക്കും; മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി ഇന്ന്

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിക്കൊരുങ്ങി നഗരം. എല്ലാ വഴികളും ഇന്ന് കോഴിക്കോട്ടേക്ക്. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ നാടെങ്ങും അലയടിച്ച പ്രക്ഷോഭ പരിപാടികളുടെ സമാപനത്തിനാണ് ഇന്ന് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്നത്. രാജ്യമാകെ വിദ്വേഷത്തിന്റെ വിത്തുപാകുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനും കേരളത്തിൽ ദുർഭരണം തുടരുന്ന ഇടത് സർക്കാറിനുമെതിരായ കനത്ത താക്കീതായി മഹാറാലി മാറും. യുവജന സമരങ്ങളുടെ ചരിത്രത്തിലെ മഹത്തായ അധ്യായമായ മഹാറാലി വിജയിപ്പിക്കാൻ നാടൊട്ടുക്കും വൻ പ്രചാരണമാണ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി യുവലക്ഷങ്ങൾ റാലിയിൽ അണിചേരാനായി ഒഴുകിയെത്തും.

വൈകിട്ട് 3 മണിക്ക് സ്വപ്നനഗരിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം അഞ്ച് മണിക്ക് കടപ്പുറത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തെലുങ്കാന സംസ്ഥാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്തി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കൾ മഹാറാലിയെ അഭിസംബോധന ചെയ്യും. മഹാറാലിയോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് സ്പെഷ്യൽ റസ്‌ക്യു ടീമിന്റെയും ബാന്റ് ടീമിന്റെയും പാസിംഗ് ഔട്ട് പരേഡും നടക്കും. മഹാറാലിയുടെ വേദിയായ കോഴിക്കോട് കടപ്പുറത്ത് ഇന്നലെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.

വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ ശക്തമായ യുവജന പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ആറ് മാസമായി യൂത്ത് ലീഗ് നേതൃത്വം നൽകിയത്. ശാഖാ തലങ്ങളിൽ യൂത്ത് മീറ്റ്, പഞ്ചായത്ത് തലങ്ങളിൽ പ്രതിഭാ ഫെസ്റ്റ്, മണ്ഡലം തലങ്ങളിൽ സ്മൃതി വിചാരം, യുവോത്സവം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചത്. എല്ലാ ജില്ലകളിലും ദിവസങ്ങൾ നീണ്ടുനിന്ന, ആയിരക്കണക്കിന് യുവാക്കൾ അണിനിരന്ന യൂത്ത് മാർച്ചുകളും സംഘടിപ്പിച്ചു.

മഹാറാലിക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും പ്രവർത്തകരെല്ലാം നേരത്തെ തന്നെ കോഴിക്കോട്ടേക്ക് തിരിച്ച് ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. പ്രകടനത്തിന് ഔദ്യോഗികമായി അച്ചടിച്ച് നൽകുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് വിളിക്കേണ്ടത്. സമാപന മഹാറാലിയുടെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ഓരോ പ്രവർത്തകരും അച്ചടക്കത്തോടെ റാലിയിൽ അണിനിരക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

webdesk13: