ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു. ഇതിനേക്കാള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഇക്കാലയളവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം അമ്പതോളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്‍ ബസാര്‍ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ ടീമുകള്‍ രണ്ടുദിവസമായി ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. കിണറുകളില്‍ സെപ്റ്റിക് മാലിന്യം കലര്‍ന്നതാണ് മഞ്ഞപ്പിത്തം കൂടാന്‍ കാരണം. കിണറുകളില്‍ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സെപ്റ്റിക് മാലിന്യങ്ങള്‍ താഴേക്ക് ഊര്‍ന്നിറങ്ങിറങ്ങിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.
മടിക്കല്ലേ ചികിത്സയ്ക്ക്
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം. കിണറിലെ വെള്ളം മലിനമാകുമ്പോള്‍ അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹം,? സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.
രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ.
സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാവാം.
കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി. രോഗ വ്യാപനത്തിന് വഴിയൊരുക്കിയാല്‍ ശക്തമായ നടപടിയെടുക്കും. ചൂട് കനത്തതോടെ ചുടുവെള്ളത്തിന് പകരം പച്ചവെള്ളം കുടിക്കുന്ന ശീലം വര്‍ദ്ധിച്ചത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.