ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കുതിച്ചുയുരുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 2.71ലക്ഷം പേര്‍ക്ക്. 314 കോവിഡ് അനുബന്ധ മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 1,38,331 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്. സജീവ കോവിഡ് കേസുകളുടെ എണ്ണം 15,50,377 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോഴും റിപ്പബ്ലിക് ദിനാഘോഷം ഉള്‍പ്പെടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നേതാജിയുടെ ജന്മദീനം കൂടി ഉള്‍പ്പെടുത്തി ഇത്തവണ മൂന്നു ദിവസത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ആള്‍കൂട്ടങ്ങളും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ഭീതിക്കിടെയാണ് ജനുവരി അവസാനത്തോടെ ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റും ചേരുന്നത്. പാര്‍ലമെന്റ് സെക്രട്ടറിയേറ്റിലെ 400ലധികം ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്ക വിട്ടുമാറും മുമ്പെയാണ് ബജറ്റ് സമ്മേളനം പ്രഖ്യാപിച്ചത്. രാജ്യത്താകെ 7,743 പേരാണ് ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നിട്ടുണ്ട്.