ഗസ്സ: മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍. ഇന്നലെയും കിരാതമായ തേര്‍വാഴ്ചയാണ് ഇസ്രാഈലി ബോംബര്‍ വിമാനങ്ങള്‍ ഗസ്സക്കുമേല്‍ നടത്തിയത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8005 പേരാണ് ഇതുവരെ മരിച്ചത്. ടെലി കമ്മ്യൂണിക്കേഷന്‍, ആശയ വിനിമയ സംവിധാനങ്ങള്‍ ഇസ്രാഈല്‍ തകര്‍ത്തു കളഞ്ഞതിനാല്‍ കണക്കുകള്‍ അപൂര്‍ണമാണെന്നും മരണ സംഖ്യ ഇതിനേക്കാള്‍ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ 3324 പേരും കുട്ടികളാണ്. 2062 പേര്‍ സ്ത്രീകളും 460 പേര്‍ പ്രായമായവരും. 1020 കുട്ടികള്‍ ഉള്‍പ്പെടെ 1870 പേരെക്കുറിച്ച് വിവരമില്ല. ഇവര്‍ ബോംബിങില്‍ തകര്‍ ന്ന കെ ട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് നിഗമനം. 20,242 പേര്‍ക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 112 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,900 പേര്‍ക്ക് പരിക്കേറ്റു.
അല്‍ഷിഫ ആശുപത്രിക്കു നേരെയും അല്‍ ഖുദ്‌സ് ആശുപത്രിക്കുനേരെയും ഏതു സമയത്തും ഇസ്രാഈല്‍ ബോംബാക്രമണം നടന്നേക്കാമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആശുപത്രികള്‍ക്കു താഴെയുള്ള അണ്ടര്‍ഗ്രൗണ്ട് നിലയങ്ങള്‍ ഹമാസ് പോരാളികള്‍ സുരക്ഷിത താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിനു കാരണമായി ഇസ്രാഈല്‍ പറയുന്നത്. എന്നാല്‍ ഹമാസും ഗസ്സ ആരോഗ്യ മന്ത്രാലയവും യു.എന്‍ അടക്കമുള്ള ഏജന്‍സികളും ഇത് നിഷേധിച്ചിട്ടുണ്ട്. അല്‍ഖുദ്‌സ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കാനാണ് ഇസ്രാഈല്‍ നിര്‍ദേശം. ഇസ്രാഈല്‍ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റവുള്‍പ്പെടെ 8000ത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി ഒഴിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. മുറിവേറ്റവര്‍ക്കും രോഗികള്‍ക്കും പുറമെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ 12,000ത്തിലധികം ഫലസ്തീനികളും ഖുദ്‌സ് ആശുപത്രിയില്‍ അഭയം തേടിയിട്ടുണ്ട്. ഖുദ്‌സ് ആശുപത്രിക്കു സമീപം ഇന്നലെ ഇസ്രാഈല്‍ ബോംബു വര്‍ഷം നടത്തി. റസിഡന്‍ഷ്യല്‍ ഏരിയയിലും പള്ളിക്കു നേരെയും ആക്രമണമുണ്ടായി.