X
    Categories: indiaNews

റിപ്പബ്ലിക് പരേഡില്‍ അതിഥികളുടെ എണ്ണവും വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അതിഥികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 5000ത്തിനും 8000ത്തിനും ഇടയിലായിരിക്കും അതിഥികളുടെ എണ്ണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.

11,0000 പേര്‍ അതിഥികളായി എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. പ്രത്യേക സാഹചര്യത്തില്‍ അതിഥികളുടെ എണ്ണം നിയന്ത്രിച്ചേ തീരൂവെന്നും ഈ സാഹചര്യത്തില്‍ ആളുകള്‍ ടെലിവിഷനിലൂടെ ഓണ്‍ലൈന്‍ വഴിയോ റിപ്പബ്ലിക് ദിന പരേഡുകള്‍ വീക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2020ല്‍ ഒന്നേ കാല്‍ ലക്ഷം പേരാണ് അതിഥികളായി എത്തിയത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ അതിഥികളുടെ എണ്ണം 25,000 ആക്കി കുറച്ചിരുന്നു. മൂന്നാം തരംഗത്തിനൊപ്പം ഒമിക്രോണ്‍ കൂടി കണക്കിലെടുത്താണ് ഇത്തവണ നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നത്.

റിപബ്ലിക് ദിന ഫ്‌ളോട്ട് ഒഴിവാക്കിയ സംഭവം,കേന്ദ്രം തമിഴരുടെ വികാരം വ്രണപ്പെടുത്തി: സ്റ്റാലിന്‍

ചെന്നൈ: റിപബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ തമിഴ്‌നാട് സമര്‍പ്പിച്ച ഫ്‌ളോട്ട് നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലി ന്‍. നടപടി തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്‌നേഹത്തെയും ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

‘വിദഗ്ധ സമിതി അംഗങ്ങള്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ അനുസരിച്ച് തയാറാക്കിയ ഏഴ് ഡിസൈനുകളും നിരസിച്ച നടപടി അസ്വീകാര്യമാണ്. തമിഴ്‌നാടിനും ജനങ്ങള്‍ക്കും അതീവ ഉത്കണ്ഠയുള്ള വിഷയമാണിത്. റിപബ്ലിക്ദിന പരേഡില്‍ തമിഴ്‌നാടിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി അടിയന്തര ഇടപെടല്‍ നടത്തണം’ – സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനത്തിനെതിരെ കനിമൊഴി എം.പി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. റാണി വേലുനാച്ചിയാര്‍, വി.ഒ.സി എന്ന വി.ഒ. ചിദംബരം പിള്ളൈ, മഹാകവി ഭാരതിയാര്‍ എന്ന സുബ്രഹ്മണ്യ ഭാരതി ഉള്‍പ്പെടെ സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം ആസ്പദമാക്കിയ പ്രമേയമാണ് തമിഴ്‌നാട് അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണയ സമിതി ഇത് നിരാകരിക്കുകയായിരുന്നു.

കോവിഡ് കണക്കിലെടുത്ത് ഫ്‌ളോട്ടുകളുടെ എണ്ണം 12 ആയി കുറച്ചതാണ് നിരാകരണ കാരണമായി കേന്ദ്രം പറയുന്നത്. തെന്നിന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയുടെ ഫ്‌ളോട്ടിന് മാത്രമാണ് അനുമതി ലഭിച്ചത്. കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും ഒഴിവാക്കിയിരുന്നു. റിപബ്ലിക് ദിന പരേഡില്‍ കേരളം നിര്‍ദേശിച്ച ശ്രീനാരായണ ഗുരുവിന്റെയും ബംഗാളിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഫ്‌ളോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്.

 

Test User: