X
    Categories: Newsworld

യുക്രെയ്‌നില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിച്ചു

കീവ്: യുക്രെയ്ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിക്കുന്നു. സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും ശക്തമായ വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. തെക്കന്‍ നഗരമായ മരിയുപോളിലും കീവിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളുമാണ് കഴിഞ്ഞ ദിവസം ശക്തമായ ആക്രമമുണ്ടായത്.
തലസ്ഥാന നഗരമായ കീവില്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 60 സാധാരണക്കാര്‍ ഉള്‍പ്പടെ 222 പേരാണ് കൊല്ലപ്പെട്ടത്. 889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 241 പേരും സിവിലിയന്‍മാരാണ്.
തെക്കന്‍ നഗരമായ മരിയുപോളില്‍ കഴിഞ്ഞദിവസം വ്യോമാക്രമണത്തില്‍ തകര്‍ന്ന തിയറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുന്നു. ആയിരത്തിലേറെ പേര്‍ അഭയം തേടിയ 3 നില തിയറ്റര്‍ ആണ് റഷ്യ തകര്‍ത്തത്. ആള്‍നാശം എത്രയെന്നു വ്യക്തമല്ല. തിയറ്ററിലെ ബങ്കറിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ രക്ഷിച്ചു. മരിയുപോളില്‍ മാത്രം ഇതിനകം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.
യുദ്ധം തുടങ്ങി നാലാഴ്ചയായിട്ടും കാര്യമായ മുന്നേറ്റം റഷ്യ നടത്തിയിട്ടില്ലെന്നാണു വിലയിരുത്തല്‍. കരയുദ്ധത്തില്‍ നൂറുകണക്കിനു റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണു സൈനിക മുന്നേറ്റം നിലച്ചതെന്നാണു ബ്രിട്ടിഷ് ഇന്റിലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങള്‍ അടക്കം ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും യുക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നും പാശ്ചാത്യ ഏജന്‍സികള്‍ പറയുന്നു.

Test User: