ഓസ്‌ലോ: 2020ലെ സമാധാന നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഡബ്ല്യു.എഫ്.പി (വേള്‍ഡ് ഫുഡ് പ്രോഗ്രാമി)ന്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് രണ്ടരയോടെയാണ് ലോകം കാത്തിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.
വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് ഡബ്ല്യു.എഫ്.പി പ്രവര്‍ത്തിക്കുന്നത്. 1963ല്‍ ആണ് സംഘടന സ്ഥാപിക്കപ്പെട്ടത്.