X

റഷ്യയെ ഞെട്ടിച്ച വാര്‍ത്താ അവതാരകക്ക് എട്ടര വര്‍ഷം തടവും മുപ്പതിനായിരം റൂബിള്‍ പിഴയും

മോസ്‌കോ: റഷ്യന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ ചാനലില്‍ ലൈവ് വാര്‍ത്താ പരിപാടിക്കിടെ പ്ലക്കാഡുയര്‍ത്തി യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മാധ്യമപ്രവര്‍ത്തക മരിന ഒവ്‌സ്യാനിക്കോവക്ക് എട്ടര വര്‍ഷം തടവും മുപ്പതിനായിരം റൂബിള്‍ പിഴയും ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. വാര്‍ത്താ അവതാരകയുടെ അഭാവത്തിലായിരുന്നു ശിക്ഷാ വിധി.

ചാനല്‍ വണിന്റെ ലൈവ് പരിപാടിയില്‍ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെയാണ് യുദ്ധം നിര്‍ത്തൂ, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ് എന്നിങ്ങനെ എഴുതിയ പ്ലക്കാഡുയര്‍ത്തി പ്രതിഷേധിച്ചത്. 2022 ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നെ ആക്രമിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലായിരുന്നു സംഭവം. അതിനുശേഷം റഷ്യന്‍ സേനക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒവ്‌സ്യാനിക്കോവക്കെതിരെ ക്രിമിനല്‍ കേസെടുത്ത് നിയമ നടപടി ആരംഭിച്ചു. അതിനിടെ വീട്ടുതടങ്കലില്‍നിന്ന് രക്ഷപ്പെട്ട അവര്‍ പേരു വെളിപ്പെടുത്താത്ത ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് മകളോടൊപ്പം രക്ഷപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതവും അസംബന്ധവുമാണെന്ന് അവതാരക കുറ്റപ്പെടുത്തി.

webdesk11: