തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ശശിധരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. 3 മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് വിവരം. അഭിജിത്തിന്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛന്‍ ശശിധരനും പറഞ്ഞിരുന്നു.
ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിജിത് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കൊലപാതകമെന്നടക്കം ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ കാണി പൊലീസിന് പരാതി നല്‍കി. തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനുവും പറഞ്ഞു. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്