പാര്‍ലമെന്റിലെ സ്റ്റാഫുകളുടെ പുതിയ യൂണിഫോമില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. യൂണിഫോമില്‍ നിറയെ താമരയാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് യൂണിഫോമില്‍ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
‘എന്തുകൊണ്ടാണ് കടുവയെ പാര്‍ലമെന്റ് സ്റ്റാഫിന്റെ വസ്ത്രത്തില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്, കാരണം കടുവ ദേശീയ മൃഗമാണ്. എന്തുകൊണ്ടാണ് ദേശീയ പക്ഷിയായ മയിലിനെ അണിയിച്ചൊരുക്കാന്‍ ഇവര്‍ തയ്യാറാകാത്തത്? പക്ഷേ ബി.ജെ.പിയുടെ ചിഹ്നം താമരയായതിനാല്‍ പാര്‍ലമെന്ററി ജീവനക്കാരുടെ ഡ്രസ് കോഡില്‍ താമര ഉള്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു,’ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ സാമൂഹികമാധ്യമമായ ‘എക്‌സി’ലൂടെ പറഞ്ഞു.
അവര്‍ എന്ത് വിലകുറഞ്ഞവരാണ്. ജി20യിലും അവര്‍ ഇത് ആവര്‍ത്തിച്ചു. വീണ്ടും അത് ചെയ്യുന്നു. ദേശീയ പുഷ്പമാണെന്നൊക്കെയാണ് പറയുന്നത്. ഇത്തരം കാര്യങ്ങളെ നിസാരമായി കാണുന്നത് ശരിയല്ല. ബിജെപി വളരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ പാര്‍ലമെന്റിനെ ഏകപക്ഷീയമാക്കരുതെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.
വിഷയത്തില്‍ എന്‍സിപിയും കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചു. ‘പാര്‍ലമെന്റ് ജീവനക്കാരുടെ യൂണിഫോമില്‍ താമര ചിഹ്നം അച്ചടിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പോര്‍ക്കളമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രചരണത്തിനായി ബിജെപി പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ പാര്‍ലമെന്റ് ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതുമല്ല,’ എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു.
5 ദിവസം നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ യൂണിഫോം പുറത്തിറക്കിയത്. പുതിയ പാര്‍ലമെന്റിലേക്ക് മാറുമ്പോള്‍ എല്ലാ ജീവനക്കാരും പുതിയ യൂണിഫോമിലായിരിക്കും പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ടച്ചുളളതാണ് പുതിയ യൂണിഫോമെന്നാണ് വിവരം.
മജന്ത കളറിലോ അല്ലെങ്കില്‍ പിങ്ക് നിറത്തിലോ ഉളള നെഹ്‌റു ജാക്കറ്റ് ഉദ്യോഗസ്ഥര്‍ ധരിക്കും. മുമ്പ് പാര്‍ലമെന്റ് നടപടികളില്‍ ബന്ദ്ഗാല സ്യൂട്ട് ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്നു. താമരപ്പൂവിന്റെ പ്രിന്റുളള പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും കാക്കി നിറത്തിലുള്ള പാന്റ്‌സും ജീവനക്കാര്‍ ധരിക്കും. ഇരു സഭകളിലേയും മാര്‍ഷല്‍മാരുടെ വസ്ത്രധാരണവും മാറ്റിയിട്ടുണ്ട്. അവര്‍ മണിപ്പൂരി തലപ്പാവ് ധരിക്കും. പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വസ്ത്രവും മാറ്റും. സഫാരി സ്യൂട്ടുകള്‍ക്ക് പകരം അവര്‍ക്ക് സൈന്യത്തിന് സമാനമായ വേഷവിധാനങ്ങള്‍ നല്‍കാനുമാണ് തീരുമാനം.