X

യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം. വന്‍കരയിലെ വിവിധ വേദികളിലായി ഇന്ന് എട്ട് മല്‍സരങ്ങള്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ തുടങ്ങിയവരെല്ലാം ഇന്ന് കളത്തിലുണ്ട്. അവസാന സീസണില്‍ ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവില്‍ വന്‍കരയില്‍ ഒന്നാമന്മാരായ സിറ്റി ഇന്ന് സ്വന്തം വേദിയില്‍ കളിക്കുന്നത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയാണ്. ഗ്രൂപ്പ് ജി യിലാണ് സിറ്റി. പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയങ്ങളുമായി മുന്നേറുകയാണ് സിറ്റി. ഇത് വരെ തോല്‍വിയില്ല. ഗ്രൂപ്പില്‍ റെഡ്സ്റ്റാറിന് പുറമേ യംഗ് ബോയ്സ്, ആര്‍.ബി ലൈപ്സിഗ് എന്നിവരാണുള്ളത്. അതിനാല്‍ പെപ്പിന്റെ സംഘത്തിന് പേടിക്കാനില്ല. ഗ്രൂപ്പ് എച്ചിലാണ് മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ കളിക്കുന്നത്.

സ്പാനിഷ് ലാലീഗയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സാവിയുടെ സംഘം ഇന്ന് റോയല്‍ ആന്‍ഡ്വെര്‍പ്പുമായാണ് കളിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ പിന്‍ബലമില്ലാതെ പി.എസ്.ജിയും ഇന്ന് മൈതാനത്തുണ്ട്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ പ്രബലരായ ബൊറുഷ്യ ഡോര്‍ട്ടുമണ്ടാണ് പ്രതിയോഗികള്‍. ഈ മല്‍സരമാണ് ഇന്നത്തെ ശക്തമായ ബലാബലം. പോയ സീസണില്‍ ലിയോ മെസിയും നെയ്മറുമെല്ലാം കളിച്ച പി.എസ്.ജി നിരയില്‍ ഈ സീസണില്‍ കിലിയന്‍ എംബാപ്പേ മാത്രമാണ് കരുത്തനായി കളിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ഫെയനൂര്‍ഡ് സെല്‍റ്റിക്കിനെയും ലാസിയോ അത്ലറ്റികോ മാഡ്രിഡിനെയും ഏ.സി മിലാന്‍ ന്യുകാസില്‍ യുനൈറ്റഡിനെയും യംഗ് ബോയ്സ് ആര്‍.ബി ലൈപ്സിഗിനെയും ഷാക്തര്‍ ഡോണ്‍സ്റ്റക് എഫ്.സി പോര്‍ട്ടോയെയും എതിരിടും.

webdesk11: