X
    Categories: indiaNews

970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് രാജ്യത്തിന് സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചേക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. വലിയ ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. എന്നാല്‍ ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.

രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എം.പിമാരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 970 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം പണിതത്. ടാറ്റ പ്രൊജക്ട്‌സാണ് മന്ദിരത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. ഇരുസഭകളിലെയും ഉദ്യോഗസ്ഥര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി രൂപകല്‍പന ചെയ്ത പുതിയ യൂണിഫോം ഉണ്ടായിരിക്കും. മൂന്നു കവാടങ്ങളാണ് കെട്ടിടത്തിലുള്ളത്. ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍ എന്നിങ്ങനെയാണ് മൂന്നു കവാടങ്ങള്‍. കൂടാതെ എം.പിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കും വെവ്വേറെ എന്‍ട്രികളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍മിച്ച ഭരണഘടനാ ഹാളാണ് പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പ് ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് കെട്ടിടത്തിന്റെ തറക്കല്ലിട്ടത്.

webdesk11: