X
    Categories: Newsworld

പുതിയ പാക് പട്ടാള മേധാവിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

ഇസ്‌ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി. ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നീറുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തെ വേട്ടയാടുമ്പോഴാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ചരിത്രപരമായി പാകിസ്താന്റെ ഭരണനിര്‍വഹണത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും മുപ്പത് വര്‍ഷത്തിലേറെക്കാലം നേരിട്ട് ഭരിക്കുകയും ചെയ്ത സൈന്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ മുനീര്‍ വിയര്‍ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ശേഷം രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാഖാനും അനുയായികളും പ്രക്ഷോഭം തുടരുകയാണ്. അതിനിടെ അദ്ദേഹത്തിനുനേരെയുണ്ടായ വധശ്രമത്തിനും സൈന്യം പഴി കേള്‍ക്കുന്നുണ്ട്. സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനെതിരെ ഇമ്രാന്‍ഖാന്റെ പ്രചാരണവും ശക്തമാണ്. ഭരണഘടനാ വിരുദ്ധമാണെന്നതുകൊണ്ട് അത്തരം ഇടപെടലുകള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് പുറത്തുപോകുന്ന സൈനിക മേധാവി ഖമര്‍ ജാജേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. ലോകത്തെ ആണവ ശക്തികളിലൊന്നാണ് പാകിസ്താന്‍. പക്ഷെ, പാക് സേനയുടെ പ്രതിച്ഛായക്ക് സമീപകാലത്ത് മങ്ങലേറ്റിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ തന്നെ സൈന്യത്തില്‍ വിശ്വാസം കുറവാണ്. സൈന്യത്തിന്റെ മനോവീര്യം തകര്‍ന്നു തുടങ്ങിയത് പാകിസ്താന്റെ കുറച്ചൊന്നുമല്ല വേട്ടയാടുന്നത്. സൈന്യത്തെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും മുനീറിന്റെ തലയിലാണ്. തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളും കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ച ശേഷം താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പൊലീസുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായത് സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗതമായി അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും ചൈനയുമായും പാകിസ്താന്‍ കൈകോര്‍ത്താണ് മുന്നോട്ടുപോകുന്നത്. ആഗോളതലത്തില്‍ ബദ്ധവൈരികളായ അമേരിക്കയോടും ചൈനയോടും സന്തുലിത സമീപനം സ്വീകരിക്കാന്‍ പാകിസ്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. പാകിസ്താനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തുന്നത്. അതോടൊപ്പം അമേരിക്കയെ പിണക്കാനും വയ്യ. അത്തരമൊരു സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സൈനിക നേതൃത്വം നിര്‍ബന്ധിതമാണ്.

Test User: