X

കോര്‍പറേറ്റുകളുടെ അമൃതകാലം- പി.എം.എ സമീര്‍

പി.എം.എ സമീര്‍

ബജറ്റ് എന്നത് ഒരു രാജ്യത്തിന്റെ നിലവിലെ ധനസ്ഥിതിയും വരാന്‍ പോകുന്ന സുസ്ഥിതിയും വരച്ചു കാട്ടേണ്ട രേഖയാണ്. ആ അര്‍ത്ഥത്തില്‍ സത്യ യുക്തിസഹമല്ലാത്തതും നീതിബോധമില്ലാത്തതുമായ ഒരു ബജറ്റാണ് സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള ‘അമൃത കാല’ യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബജറ്റ്.
രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പുരോഗതിയുടെ സൂചികയായി വര്‍ത്തിക്കുന്നത് കുടില്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും വളര്‍ച്ചയാണ്. ഈ മേഖലയിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയും പരിഗണിക്കാത്ത ‘ഡിജിറ്റല്‍ ബജറ്റ്’ ഗ്രാമീണ മേഖലയും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിടവിന്റെ വ്യാപ്തി ഒന്ന് കൂടി വര്‍ധിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ ഉത്പാദന വര്‍ധനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വലിയ പദ്ധതികള്‍ ഒന്നും ബജറ്റിലില്ല.

കാര്‍ഷിക മേഖലയിലുള്ള മൂലധന നിക്ഷേപം ഉയര്‍ത്തുമെന്ന് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ മൂലധന നിക്ഷേപത്തിന് കോര്‍പറേറ്റുകളെ കൂടുതല്‍ ആശ്രയിക്കുന്ന നിലപാടാണ് ബജറ്റില്‍. കര്‍ഷക വായ്പകള്‍ എഴുതിതള്ളല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സബ്‌സിഡി എന്നിവ മനഃപൂര്‍വം മറന്നെങ്കിലും കോര്‍പറേറ്റുകളെ തൃപ്തിപെടുത്താന്‍ ഇത്തവണയും മറന്നിട്ടില്ല.
വിള സംഭരണത്തിനായി 2.37 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നതാണ് കര്‍ഷകര്‍ക്കുവേണ്ടി ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ കുറഞ്ഞ താങ്ങുവില നല്‍കിയുള്ള സംഭരണത്തിനുവേണ്ടി വകയിരുത്തിയിരുന്നത് 2.48 ലക്ഷം കോടി രൂപയായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഈ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാകും. 2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നായിരുന്നു 201617 ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി നടത്തിയ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു വര്‍ഷവും മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അവകാശവാദവും ഇതായിരുന്നു. എന്നാല്‍ ഈ ലക്ഷ്യത്തിന് അടുത്തൊന്നുമെത്താന്‍ സര്‍ക്കാരിനായിട്ടില്ല. രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ വീതം പി. എം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി വിതരരണം ചെയ്തതായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ തുക 2022-23 ലെ ബജറ്റില്‍ വര്‍ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 2022 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു കൊട്ടിഘോഷിച്ച സര്‍ക്കാര്‍ പക്ഷേ, സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വെറും മൂന്ന് ട്രില്യണില്‍ നില്‍ക്കുന്നതിനെ കുറിച്ച് നിശബ്ദമാണ്. ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വിത്ത് കുത്തി ഉണ്ണുന്ന പോലെ വിറ്റു തുലയ്ക്കുന്നത് അഭിമാനത്തോടെ പ്രഖ്യാപിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗത്തിന്റെ ആരംഭം.

ഇന്ത്യയിലെ 142 അതിസമ്പന്നരുടെ ആകെ ആസ്തി കോവിഡ് കാലത്ത് 23 ലക്ഷം കോടിയില്‍ നിന്ന് 53 ലക്ഷം കോടിയിലെത്തി. എന്നുവച്ചാല്‍ 130 ശതമാനം വര്‍ധന. അതി വരേണ്യര്‍ക്ക് ഒരു ബുദ്ധിമുട്ടും ഈ ബജറ്റ് കാരണമില്ല, പക്ഷേ തൊഴില്‍ വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെട്ട് ജീവിക്കുന്ന ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ തന്നെ തളച്ചുനിര്‍ത്തുന്ന ബജറ്റായി ഇത് മാറും. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് എന്ന പേരില്‍ സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ള നീക്കമാണ് ബജറ്റില്‍ ഉള്ളത്. കോവിഡ് കാലത്ത് പാവപെട്ട മനുഷ്യരുടെ ആശ്രയമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിയുടെ തുക വലിയനിലയിലാണ് വെട്ടികുറച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതായി പറഞ്ഞിരുന്നത് 98000 കോടി രൂപയായിരുന്നു. എന്നാലത് 73000 കോടി രൂപയായി വെട്ടികുറച്ചിരിക്കുകയാണ്. 25,000 കോടി രൂപയുടെ കുറവാണ്. ഭേദപ്പെട്ട രീതിയില്‍ തൊഴിലുറപ്പ് നടക്കുന്ന കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കാന്‍ പോകുന്നത്. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒന്‍പത് കോടിയോളം തൊഴിലാളികളുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗമാണ് അവര്‍. അവര്‍ക്ക് തൊഴില്‍ നഷ്ട്ടമാകുന്നതിന് ബജറ്റ് കാരണമാകും. ബജറ്റ് ദിവസം നിലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡ് (എന്‍.ഐ.എന്‍.എല്‍) വില്‍പനയിലൂടെ കോടികണക്കിന് രൂപയുടെ പൊതുമുതല്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയവര്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരോട് എത്രമാത്രം ക്രൂരമായ സമീപനമാണ് കൈകൊള്ളുന്നതെന്നാണ് ബജറ്റ് കാണിക്കുന്നത്.

പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റോടെ വ്യകതമാക്കിയിരിക്കുന്നു. 12480 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സബ്‌സിഡിക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. ഈ വര്‍ഷം കേവലം 4000 കോടിയായി അത് വെട്ടികുറച്ചു. അടുപ്പില്‍ തീ പുകയ്ക്കാന്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന് ഒരാശ്രയവും ഗവണ്മെന്റ് നല്‍കില്ലെന്ന് ബജറ്റ് അടിവരയിടുന്നു.
കോവിഡ് കാലത്തിനുമുമ്പ് തന്നെ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് വീണിട്ടുണ്ട്. നോട്ടു നിരോധനം പോലുള്ള ‘മികവുകള്‍’ മാത്രം മതി അത് തിരിച്ചറിയാന്‍. അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം ഗുണകരമാവുന്ന ഇളവുകളും പദ്ധതികളും രാജ്യത്തെ കോടാനുകോടി മനുഷ്യരെ നിരാശരാക്കുന്നു. ഡിജിറ്റലൈസേഷനൊക്കെ നല്ല ചുവടാണ്. അത്പക്ഷേ ആര്‍ക്കാണ് ഗുണകരമായി തീരുക എന്നതാണ് ചോദ്യം. രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ കണ്ണില്‍ പ്രതീക്ഷയുടെ ഇത്തിരി വെട്ടം നല്‍കാന്‍ കഴിയാത്ത എല്ലാ പദ്ധതികളും പ്രഖ്യാപനങ്ങളും മഹാത്മ ഗാന്ധി എന്നോ തിരസ്‌കരിച്ചിട്ടുണ്ട്.

Test User: