X

ഒരാൾ പോലുമിലാതെ യാത്ര മുടങ്ങി നവകേരള ബസ്, രണ്ട് ദിവസമായി കട്ടപ്പുറത്ത്

ആരും കയറാത്തതിനാല്‍ നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. യാത്രക്കാരില്ലാത്തതിനാല്‍ ചൊവ്വാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുന്നില്ല. അഞ്ച് പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്-ബംഗളുരു റൂട്ടിലാണ് നവകേരള ബസ് യാത്ര നടത്തിയിരുന്നത്.

വഴിയില്‍ നിന്നു പോലും ആരും കയറാതെ വന്നതോടെ നവകേരള ബസിന്റെ യാത്ര റദ്ദ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച സര്‍വീസ് നടത്തിയപ്പോള്‍ വിരലിലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഞായറാഴ്ച 55,000 രൂപ വരുമാനമായിരുന്നുവെങ്കില്‍ അത് അടുത്ത ദിവസം 14,000 മാത്രമായി. വെള്ളിയാഴ്ച സര്‍വീസ് നടത്താനാകുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

മേയ് 5 മുതലാണ് നവകേരള ബസ്‌കോഴിക്കോട് – ബംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസ് വലിയ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി പ്രത്യേകം തയാറാക്കിയ ആഡംബര ബസ് അന്നുമുതലേ വാര്‍ത്തകളില്‍ വിവാദനായകനായി. ധനപ്രതിസന്ധിക്കിടെ സര്‍ക്കാര്‍ വക മറ്റൊരു ധൂര്‍ത്തെന്ന വിമര്‍ശനവും ഉയര്‍ന്നു.

ആധുനിക സജ്ജീകരണങ്ങളുള്ള ബസില്‍ എസി, ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 26 പുഷ് ബാക്ക് സീറ്റുകളുള്ള ബസില്‍ ഹൈഡ്രോളിക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും യാത്രക്കാരെ ആകര്‍ഷിക്കുന്നില്ലെന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വന്‍ സംഭവം ആകുമെന്ന് അവകാശപ്പെട്ട സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും തലവേദനയാവുകയാണ്. നവകേരള ബസ് കട്ടപ്പുറത്താകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

webdesk13: