Categories: indiaNews

സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

1951 ലെ ജനപ്രാതിനിധ്യനിയമ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഷ്ട്രീയ സഖ്യങ്ങള്‍ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനു നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നേരിടാന്‍ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’. ഇതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.

ഓഗസ്റ്റില്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതികരണവും കോടതി തേടി.

webdesk13:
whatsapp
line