X

മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഊജ്ജിതമാക്കും

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന ഭാരവാഹികളുടെയും എം.എല്‍.എമാരുടെയും യോഗം തീരുമാനിച്ചു. എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പ്രമേയത്തില്‍ റമസാന്‍ ഒന്ന് മുതല്‍ 30 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് കാമ്പയിന്‍ നടക്കുന്നത്.

ആദ്യ ദിവസങ്ങളില്‍ തന്നെ നല്ല പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലകളില്‍ കാമ്പയിന്‍ ശക്തിപ്പെടുത്താന്‍ നിരീക്ഷകരെ ചുമതലപ്പെടുത്തി. എല്ലാ ജില്ലകളിലും നിരീക്ഷകരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.

മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും പ്രത്യേക യോഗങ്ങള്‍ നടത്തി ഫണ്ട് ശേഖരണം ഏകോപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 16 മുതല്‍ 18 വരെ അതത് പ്രദേശങ്ങളിലെ സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളുടെ നേതൃത്വത്തില്‍ വാര്‍ഡ്, ശാഖാ തലങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് കാമ്പയിന്‍ നടത്തും.

മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യം കൂടി കാമ്പയിന്റെ ഭാഗമാണ്. ജില്ലകളിലെ നിരീക്ഷകരായി സി.എച്ച് റഷീദ് (കാസര്‍ക്കോട്), എന്‍.എ നെല്ലിക്കുന്ന്(കണ്ണൂര്‍), എം.സി മായിന്‍ ഹാജി(വയനാട്), ആബിദ് ഹുസൈന്‍ തങ്ങള്‍(കോഴിക്കോട്), സി.പി ചെറിയ മുഹമ്മദ്(മലപ്പുറം), പി. അബ്ദുല്‍ ഹമീദ്(പാലക്കാട്), അഡ്വ. എന്‍. ഷംസുദ്ദീന്‍(തൃശൂര്‍), അബ്ദുറഹ്മാന്‍ രണ്ടത്താണി(എറണാകുളം), ബീമാപ്പള്ളി റഷീദ്(കോട്ടയം), പി.എം സാദിഖലി(ഇടുക്കി), കെ.എസ് ഹംസ(പത്തനംതിട്ട), ടി.എം സലീം(ആലപ്പുഴ), നജീബ് കാന്തപുരം(കൊല്ലം), ടി.വി ഇബ്രാഹിം(തിരുവനന്തപുരം) എന്നിവരെ ചുമതലപ്പെടുത്തി.

Test User: