X

ബുള്‍ഡോസറെടുത്ത ഫരീദിന്റെ കട മുസ്‌ലിം ലീഗ് നിര്‍മിക്കും

ന്യൂഡല്‍ഹി: ജഹാംഗീര്‍ പുരി സി ബ്ലോക്ക് ഗലി നമ്പര്‍ ഒന്നില്‍ താമസിക്കുന്ന ഫരീദ് അഹമ്മദ് ആ ദിവസം ഒരിക്കലും മറക്കില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ ജഹാംഗീര്‍ പുരി ജാമിഅ മസ്ജിദിന്റെ പരിസരത്തെ ചിക്കന്‍ സ്റ്റാള്‍ തകര്‍ത്ത ദിവസം മുതല്‍ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു പറക്കമുറ്റാത്ത നാലു മക്കളടങ്ങുന്ന 27 കാരനായ ഫരീദിന്റെ കുടുംബം. ഭാര്യ റഷീദയും മക്കളായ ഫര്‍ഹാന, ഫലഖ്, ഫിദ, റഹ്മത്ത് എന്നിവരോടൊപ്പം ഒന്നാം നമ്പര്‍ ഗലിയിലെ ഒറ്റമുറി വീട്ടിലാണ് ഫരിദ് താമസിക്കുന്നത്.

കച്ചവട ആവശ്യത്തിനായി എടുത്ത ലോണിന്റെ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊക്കെ ഈ യുവാവിനു മുന്നില്‍ വലിയ ചോദ്യങ്ങളായിരുന്നു. മുസ്്‌ലിം ലീഗ് നിര്‍ദ്ദേശപ്രകാരം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാന്‍, അഡ്വ: മര്‍സൂഖ് ബാഫഖി, റിലീഫ് സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഹലീം, എം.എസ്.എഫ് ദേശീയ സെക്രട്ടറി സിറാജുദ്ദീന്‍ നദ്‌വി എന്നിവര്‍ക്കു മുന്നില്‍ ഫരീദ് തന്റെ കഥ പറഞ്ഞത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. അടിയന്തിര സ്വഭാവത്തില്‍ അവരെ സഹായിക്കാന്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശാനുസരണം ഇന്നലെ ആദ്യഘട്ട സഹായം കൈമാറി. പ്രദേശത്ത് മുസ്്‌ലിം ലീഗ് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഗുണഭോക്താവാണ് ഫരീദ്. കച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാള്‍ മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നല്‍കും.

നേരത്തെ ചെയ്തിരുന്ന സ്ഥലത്ത് തന്നെ ഇനിയും കച്ചവടം ചെയ്യാനാകുമോയെന്ന് ഫരീദിന് ആശങ്കയുണ്ട്. അതു വരെ ലോണ്‍ തിരിച്ചടക്കാനും മറ്റ് ചിലവുകള്‍ക്കുമാവശ്യമായ അടിയന്തിര ധനസഹായം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ:വി.കെ ഫൈസല്‍ ബാബു കൈമാറി. അനുയോജ്യമായ സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറക്ക് ചിക്കന്‍ സ്റ്റാള്‍ പുനസ്ഥാപിച്ച് നല്‍കും.ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ നല്‍കുന്ന വെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ചെറിയ കച്ചവട സ്ഥാപനങ്ങളും തകര്‍ത്തവയില്‍ പെടും. പ്രദേശത്തെ ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിച്ച് ആട്ടിപ്പായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബുള്‍ഡോസര്‍ ആക്രമണം നടത്തിയതെന്ന് ഫൈസല്‍ ബാബു പറഞ്ഞു. സാധ്യമായേടത്തോളം ആളുകളെ പുനരധിവസിപ്പിക്കാനാണ് മുസ്്‌ലിം ലീഗും യൂത്ത് ലീഗും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Chandrika Web: