കവളപ്പാറയിൽ 10 പേർക്ക് കൂടി വീട് കൈമാറി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. 2019ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്കാണ് ബൈത്തുറഹ്്മ പദ്ധതിയിലൂടെ മുസ്‌ലിം ലീഗ് തണലൊരുക്കിയത്. സർക്കാരിന്റെ അവഗണനയിൽ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങൾ ഇനി പോത്തുകൽ പൂളപ്പാടത്ത് ഒരുക്കിയ സ്നേഹവീടുകളിൽ അന്തിയുറങ്ങും. നിലമ്പൂർ പോത്തുകല്ലിലെ പൂളപ്പാടത്ത് നടന്ന ചടങ്ങിൽ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ലോകത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിനെ നയിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാജൻ ചിറയിൽ, ഗോപി കുഴിവേലിൽ, സൈതലവി പൊട്ടേങ്ങൽ, യൂസുഫ് പിച്ചൺ, മുജീബ് കണ്ണംകുളവൻ, മുസ്തഫ കല്ലിടുമ്പിൽ, ഷാജഹാൻ പെരുവാപറമ്പിൽ, ഷാനവാസ് കേലംതൊടിക, സിദ്ധീഖ് കോലോത്തുപറമ്പിൽ, അലിഅക്ബർ മുടിയറ പുത്തൻപുരയിൽ എന്നിവർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കൈയ്യിൽ നിന്നും വീടുകളുടെ താക്കോൽ സ്വീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എം.എൽ.എ, അഡ്വ. യു.എ ലത്തീഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, പി.വി അൻവർ, മുസ്ലിംലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജയന്തി രാജൻ, സുഹ്റ മമ്പാട് പ്രസംഗിച്ചു.