കോഴിക്കോട്: ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമങ്ങള്‍ക്ക് നാളെ തുടക്കമാകും. വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച് മാഫിയ ഭരണം നടത്തുന്ന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമാക്കി ചി ത്രീകരിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കുമെതിരെയാണ് പ്രക്ഷോഭം. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. 19ന് തുശൂര്‍, കൊല്ലം 21ന് കോട്ടയം, ആലപ്പുഴ, 22ന് കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം, 25ന് വയനാട്, എറണാകുളം, ഇടുക്കി, കാസര്‍ക്കോട്, 26ന് പാലക്കാട് എന്നീ ജില്ലകളില്‍ പ്രക്ഷോഭ സംഗമങ്ങള്‍ നടക്കും. കള്ളക്കടത്തുകാരും പൊലീസുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം, മതസ്പര്‍ധ വളര്‍ത്തുന്ന സി.പി.എം ഇടപെടലുകള്‍, മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്ന എ.ഡി. ജി.പി, കളങ്കിത വ്യക്തിത്വങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പ്രക്ഷോഭ സംഗമങ്ങളില്‍ ഉന്നയിക്കും.
കണ്ണൂരില്‍ എ.ഡി.എം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലും സി.പി.എമ്മിന്റെ മാഫിയ ബന്ധങ്ങളാണെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തേണ്ടത് അനിവാര്യമാണെന്നും പ്രക്ഷോഭ സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.