കണ്ണൂര്‍: മതം, ഭാഷ, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍. ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ദേശരക്ഷായാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ പോലും നോക്കുകുത്തിയാക്കിയാണ് മുസ്ലിം പള്ളികള്‍ക്കെതിരെ സംഘപരിവാര്‍ നീങ്ങുന്നത്.
‘കേരളത്തിലെ മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കൈയെടുത്താണ് 1991ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത്. ആരാധനാലയങ്ങള്‍ ആരുടേതായാലും 1947 ഓഗസ്റ്റ് 15ന്റെ സ്ഥിതിയില്‍ തന്നെ തുടരണമെന്നായിരുന്നു നിയമം.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിയവരാണ് മുസ്ലിംലീഗ് നേതാക്കള്‍. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലും മുസ്ലിംലീഗിന്റെ പ്രതിനിധികളുണ്ടായിരുന്നു. 600 നാട്ടുരാജ്യങ്ങളെയും അതിലെ 4698 ഭിന്ന വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തിയാണ് ഇന്ത്യക്ക് രൂപം നല്‍കിയത്. ഇന്ത്യ എന്ന ഒറ്റ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.ക്ഷേത്ര നിര്‍മാണത്തിന് ആരും എതിരല്ല. പള്ളികള്‍ പൊളിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.
ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ മുസ്ലിംലീഗ് എതിര്‍ക്കാതിരുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകരുതെന്നു കരുതിയാണ്. ആര്‍.എസ്.എസസാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. പള്ളികള്‍ പൊളിക്കുകയെന്നതാണു ബി.ജെ.പിയുള്‍പ്പെട്ട ഹിന്ദുത്വ കക്ഷികളുടെ ലക്ഷ്യം. നരേന്ദ്ര മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണ് എന്നോര്‍ക്കണം. ഹിന്ദുത്വ കക്ഷികളുടെ മാത്രം പ്രധാനമന്ത്രിയല്ല അദ്ദേഹം. വോട്ടര്‍മാര്‍ക്ക് മതചിന്തയാകാം. എന്നാല്‍ ജനപ്രതിനിധികള്‍ അതിനപ്പുറത്ത് ചിന്തിക്കുന്നവരായിരിക്കണം. സ്വാതന്ത്ര്യവും മതേതരത്വവുമില്ലാത്ത കാലമാണ് മോദിയുടേതെന്നും കെ.എം.എ അബൂബക്കര്‍ പറഞ്ഞു.