ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വക്താവിനെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ഹരിയാനയില്‍ ക്രമസമാധാനം വഷളായതിന്റെ നേര്‍കാഴ്ചയാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഫരീദാബാദില്‍ കോണ്‍ഗ്രസ് വക്താവും നേതാവുമായ വികാസ് ചൗധരിയെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണ്. ഹരിയാനയില്‍ ക്രമസമാധാനം വഷളാകുന്നതിന്റെ കണ്ണാടിയാണിത്. ദൈവം ചൗധരി പ്രഭുവിന്റെ ആത്മാവിന് സമാധാനവും കുടുംബത്തിന് ആഘാതങ്ങള്‍ സഹിക്കാനുള്ള ശക്തിയും നല്‍കട്ടെ, രാഹുല്‍ കുറിച്ചു
ഇന്ന് രാവിലെ ജിമ്മില്‍ പോയി മടങ്ങുന്നതിനിടെ ഫരീദാബാദില്‍ വെച്ചായിരുന്നു ചൗധരിക്കെതിരെ ആക്രമമുണ്ടായത്. ഉടന്‍ തന്നെ ആദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജിംനേഷ്യം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് താഴെ കാര്‍ നിര്‍ത്തി വെച്ചപ്പോഴാണ് അക്രമികള്‍ വെടിവെച്ചത്. രണ്ട് പേര്‍ കാറിന്റെ ഇരുവശത്തു നിന്നും വെടിവെക്കുകയായിരുന്നു. നിരവധി തവണ ഇരുവരും ചേര്‍ന്ന് വെടിവെച്ചു. രണ്ട് അക്രമികളും കാറിലാണ് എത്തിയിരുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വെടിയൊച്ച കേട്ട് ആളുകള്‍ ഓടി വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എത്ര വെടിയുണ്ട വികാസിന്റെ ദേഹത്ത് ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ പറയാനാകുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുറഞ്ഞത് 10 വെടിയുണ്ടകളെങ്കിലും വികാസിന്റെ ദേഹത്തുണ്ടാവുമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.