തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചതും കോടികള്‍ മുടക്കിയതുമായ കെ ഫോണ്‍ പദ്ധതി പെരുവഴിയില്‍. മാര്‍ഗരേഖ തയാറാക്കുന്നതില്‍ തുടങ്ങി സൗജന്യ കണ്‍ക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതില്‍ വരെ ആശയക്കുഴപ്പം തുടരുകയാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി, 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപടികള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമായി 30000 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല, നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡാറ്റാ ഹൈവേ, സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയില്‍ എന്നിങ്ങനെയായിരുന്നു പ്രഖ്യാപണം. പദ്ധതി ചെലവ് 1516.76 കോടി രൂപയാണ്. നടത്തിപ്പ് കരാര്‍ ഭാരത് ഇലട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കണ്‍സോഷ്യത്തിനാണ്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങളിലേക്ക് സൗജന്യ നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും സ്‌കൂളുകളും കണക്റ്റിവിറ്റി പരിധിയില്‍ കൊണ്ടുവരാനും പദ്ധതിയിട്ടിരുന്നു.
ആദ്യഘട്ടം കേബിളിടല്‍ പൂര്‍ത്തിയായതോടെ പൊടുന്നനെ നിലപാട് മാറ്റിയ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഡാറ്റായും കൊടുക്കുമെന്നാണ്. ബി കാറ്റഗറിയില്‍ പെടുന്ന ഐ.എസ്.പി ലൈസന്‍സ് ഉപയോഗിച്ച് കേരളമാകെ കണക്ഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്. സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് ടെണ്ടര്‍ വിളിച്ച് ഡാറ്റാ വാങ്ങണം, ഇന്റര്‍നെറ്റ് ഭീമന്‍മാരോട് മത്സരിച്ച് വിപണി പിടിക്കുകയും വേണം.24,357 സര്‍ക്കാര്‍ ഓഫീസില്‍ കണക്ഷനെത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ വെറും നാലായിരം ഓഫിസില്‍ മാത്രമാണ് നിലവില്‍ ഡാറ്റാ എത്തിക്കുന്നത്. അതാകട്ടെ പവര്‍ഗ്രിഡില്‍ നിന്ന് കിട്ടുന്ന ഡാറ്റ പരീക്ഷണാടിസ്ഥാനത്തിലും. വീടുകളിലേക്കും ഓഫീസുകളിലേക്കും കണക്ഷനെത്തിക്കണമെങ്കില്‍ അതിന് സേവന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളുമുണ്ടാകണം.
കണക്ഷന്‍ നല്‍കാന്‍ കേരളാ വിഷനേയും ഡാറ്റാ വാങ്ങാന്‍ ബി.എസ്.എന്‍.എല്ലിനേയും തിരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ, എന്ത് ചെലവില്‍ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ടുകൊണ്ട് പോകുമെന്നോ യാതൊരു വ്യക്തതയും ആയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി പരിശോധിക്കുന്നു എന്ന് മാത്രമാണ് സര്‍ക്കാരിന്റെ മറുപടി.