X

‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം, സർക്കാർ ലക്ഷ്യം ഭൂമി കച്ചവടം മാത്രം’; വി.ഡി. സതീശന്‍

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമി കച്ചവടമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല്‍ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തില്‍ പാസാക്കി ഭൂമി വില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സതീശന്‍ ചൂണ്ടികാട്ടി.

തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അച്യുതാനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധന നടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാരിന് ചിലകാര്യങ്ങൾ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിന്‍റെ ആവശ്യം സർക്കാർ എന്തുകൊണ്ടാണ് അംഗീകരിക്കാത്തത്?, പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതി കിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

webdesk13: