ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദിയെ താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ബിജെപിക്ക് ഇന്ത്യയെന്ന പേരിനോട് വെറുപ്പുണ്ടായത്. അതിന് മുമ്പുവരെ മേക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും പ്രഖ്യാപിച്ച വ്യക്തിയാണ് മോദി. വിഭജന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ കെണിയില്‍ കോണ്‍ഗ്രസ് വീഴില്ല. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെയും രാജ്യത്ത് സ്നേഹത്തിന്റെ സന്ദേശം പടര്‍ത്താനുമുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കി മോദിയുടെ കപട രാഷ്ട്രീയം വെളിച്ചെത്ത് കൊണ്ടുവരുകയാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രാധാന്യം നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. പ്രതിവര്‍ഷം 2 കോടി തൊഴില്‍ വാഗ്ദാനം ചെയ്ത മോദി യുവജനതയെ വഞ്ചിച്ചു. വിലക്കയറ്റം കൊണ്ട് വീട്ടമ്മമാര്‍ പൊറുതിമുട്ടി. പട്ടിണിയിലാണ് ജനം. 9 വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടി രൂപ എല്‍പിജി ഗ്യാസിന്റെ പേരില്‍ കൊള്ളയടിച്ച മോദിസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 200 രൂപ മാത്രമാണ് കുറച്ചത്. മോദിക്കും ബിജെപിക്കും താല്‍പ്പര്യം ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. മണിപ്പൂര്‍ സംസ്ഥാനം കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രിക്ക് ഒരക്ഷരം മിണ്ടാന്‍ മൂന്ന് മാസം വേണ്ടി വന്നത് വലിയ നാണക്കേടാണ്.
അധികാരത്തിനായി ജനത്തെ തമ്മിലടിപ്പിക്കുകയാണ് മോദി. മണിപ്പൂരില്‍ പരസ്പരം കലഹിച്ച ഇരുവിഭാഗവും ഒരുപോലെ വാരിപുണര്‍ന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും ഒരുവിഭാഗത്തെ ഉയര്‍ത്തി കാട്ടി മറുവിഭാഗത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റെതെന്നും ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ പറഞ്ഞു.
ചൈനയുടെ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശ് അവരുടെതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ ദേശസ്നേഹം വിളമ്പുന്ന 56 ഇഞ്ച് നെഞ്ചളവ് വിവരിക്കുന്ന മോദി എവിടെയാണ്. അതിര്‍ത്തി പോലും രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം രാജ്യത്തെ ഭിന്നിപ്പിച്ചും ശിഥിലീകരിച്ചും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ്.
ഇന്ത്യയെ ഒന്നിപ്പിക്കുന്നത് വരെ ഭാരത് ജോഡോ യാത്ര തുടരും. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്വലമായ ഏടാണ് ഭാരത് ജോഡോ യാത്ര.രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം വിമര്‍ശകരും ലോകരാഷ്ട്രങ്ങളും വരെ അംഗീകരിച്ചു.ഇരുണ്ടകാലഘട്ടത്തില്‍ വെളിച്ചത്തിന് വേണ്ടി രാജ്യം മുഴുവന്‍ നടന്ന് തീര്‍ത്ത രാഹുല്‍ഗാന്ധിയെന്ന നേതാവിനെ ഭാവിതലമുറ ചരിത്രത്തില്‍ വായിക്കും. അന്ന് ചരിത്രം മാറ്റിയെഴുതാന്‍ മോദിയുടെ പാര്‍ട്ടിയുണ്ടാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് കേരളത്തിലെ സിപിഎം വിട്ടുനിന്നെങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലേത് യഥാര്‍ത്ഥ്യ കമ്യൂണിസമല്ല. അവര്‍ ബിജെപിയുമായി സമരസപ്പെടുകയാണ് . പുതുപ്പള്ളി തേല്‍വിക്ക് മുന്നേ മുന്‍കൂര്‍ ജാമ്യമെടുത്ത പാര്‍ട്ടി സെക്രട്ടി എംവി ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ബിജെപി വിരോധം പഠിപ്പിക്കണ്ട. സംഘപരിവാറുമായി സന്ധി ചെയ്യാത്ത ഏകപ്രസ്ഥാനമാണ് കോണ്‍ഗ്രസും നേതാവ് രാഹുല്‍ ഗാന്ധിയുമാണ്. ഇഡിയെ പേടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും സിപിഎം പലപ്പോഴായി സംഘപരിവാര്‍ സംഘടനകളുമായി സന്ധിചെയ്യുകയും ചങ്ങാത്തം കൂടുകയും ചെയ്തു.
രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനും വേണ്ടി സംഘപരിവാറുമായി കോണ്‍ഗ്രസ് സന്ധി ചെയ്യില്ല. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു എന്നും സംഘപരിവാറാണ്. അതിന് ഏറ്റവും വലിയ ഉദാഹരമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്തു, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി, പാര്‍ലമെന്റില്‍ അയോഗ്യനാക്കി, വീട്ടില്‍ നിന്നും ഇറക്കി വിട്ടു, എന്നിട്ടും തളരാതെ മുട്ടുമടക്കാതെ സംഘപരിവാറുമായി പോരാടിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ സംഖ്യത്തിന്റെയും ലക്ഷ്യമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.