മലപ്പുറം: നമ്പര്‍ പ്ലേറ്റ് മറച്ചും കൈ കൊണ്ട് പൊത്തിപ്പിടിച്ചും റോഡ് ക്യാമറയെ പറ്റിക്കാന്‍ ശ്രമിക്കാറുണ്ടോ? കരുതിയിരുന്നോളൂ, പണി വരുന്നുണ്ട്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത്, ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റ് കൈ കൊണ്ട് മറച്ച് അതിബുദ്ധി കാണിച്ച വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം ഉച്ചാരക്കടവില്‍ നിന്ന് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. പല ഗതാഗത ലംഘനങ്ങള്‍ ചേര്‍ത്ത് 13,000 രൂപ പിഴയിട്ടു. ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒക്കു അപേക്ഷ നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിഗണിച്ച് ആര്‍ടിഒ തുടര്‍ നടപടി സ്വീകരിക്കും.
ഉച്ചാരക്കടവില്‍ നിന്നു പിടികൂടിയ വാഹനം ആര്‍സിയില്‍ പേരുള്ള ഉടമയുടെ കൈവശമല്ല. അദ്ദേഹം വിറ്റ ശേഷം 2 തവണ വാഹനം കൈമാറ്റം ചെയ്തു. എന്നിട്ടും, 2 മണിക്കൂര്‍ കൊണ്ടാണ് ഗതാഗത നിയമം ലംഘിച്ചയാളെ എന്‍ഫോഴ്‌സമെന്റ് പിടികൂടിയത്. റോഡ് ക്യാമറയില്‍ വാഹനത്തിന്റെയും അതില്‍ സഞ്ചരിക്കുന്നയാളുകളുടെയും ചിത്രം വ്യക്തമായാണ് പതിയുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചാലും ചിത്രത്തില്‍ നിന്ന് ആളുകളെയും വാഹനങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.
ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കൈ കൊണ്ട് നമ്പര്‍ പ്ലേറ്റിന്റെ ഭാഗം മറയ്ക്കുക, നമ്പര്‍ പ്ലേറ്റിലെ ഒന്നോ രണ്ടോ അക്കങ്ങള്‍ കടലാസോ മറ്റോ ഉപയോഗിച്ച് മറക്കുക എന്നിവയാണ് ചെയ്യുന്നത്. കുറച്ചു ദിവസങ്ങളായി ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തീരുമാനിച്ചത്.