X
    Categories: keralaNews

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ മാതാവ് കൊലപ്പെടുത്തിയത് റിബണ്‍ കഴുത്തില്‍ കുരുക്കി

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വിമലകുമാരി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ കൊന്നത് റിബണ്‍ കഴുത്തില്‍ കുരുക്കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വിമല കുമാരി അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കാണുന്നത്. എന്നാല്‍ പുലര്‍ച്ചെ തന്നെ കൊലയും ആത്മഹത്യയും നടന്നതായാണ് പൊലീസ് നിഗമനം. തന്റെ കാലശേഷം മകള്‍ അനാഥയാകുമെന്ന സങ്കടത്തിലാണ് വിമല കുമാരി കടുംകൈ ചെയ്തത്.

കോവിഡ് കാലത്തിനു മുമ്പ് വരെ പരപ്പ ബിരിക്കുളത്തെ അനാഥര്‍ക്കുള്ള സ്ഥാപനത്തിലായിരുന്നു മകള്‍ കഴിഞ്ഞിരുന്നത്. കോവിഡ് തുടങ്ങിയതോടെ വീട്ടിലേക്കു തിരിച്ചു പോകേണ്ടി വന്നു. ചാമുണ്ഡിക്കുന്ന് സ്‌കൂളിലെ പാചകത്തൊഴിലാളിയായ വിമല കുമാരിക്ക് ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ ജോലിക്ക് പോകേണ്ടതിനാല്‍ മകളെ തിരികെ ബിരിക്കുളത്തേക്കു പറഞ്ഞയക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

രേഷ്മയ്ക്കു ഇതിന് താല്‍പര്യമുണ്ടായിരുന്നില്ല. മകളുടെ പരിചരണവും ജോലിയും ഒന്നിച്ചു നടക്കില്ലെന്നുറപ്പിച്ചാണ് വിമല മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ചാമുണ്ഡിക്കുന്നിലേക്കു കൊണ്ടുവന്നു. ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Chandrika Web: