എകെഎം അഷ്‌റഫ് എംഎല്‍എയ്ക്ക് കരളലിയിക്കുന്ന കത്തുമായി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജ്ജുന്റെ മാതാവ് ഷീല. തന്റെ മകന്‍ അര്‍ജ്ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎല്‍എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്‍ജജുന്റെ അമ്മ കത്തെഴുതിയത്. ഈ പെരുന്നാളിന് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനമാണിതെന്ന് കുറിച്ചുകൊണ്ട് എംഎല്‍എ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
നാല് വരിയില്‍ മാത്രം ഒതുങ്ങുന്ന കത്ത് തന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്ന് അഷ്‌റഫ് എംഎല്‍എയും പറയുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. തനിക്കും ഷിരൂര്‍ ദൗത്യദിനങ്ങള്‍ മറക്കാനാകില്ല. പ്രിയപ്പെട്ട സഹോദരന്‍ അര്‍ജ്ജുന്റെ അമ്മയുടെ വേദന തനിക്ക് മനസ്സിലാകുമെന്നും അഷ്‌റഫ് എംഎല്‍എ പറയുന്നു.
അഷ്‌റഫ് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
എന്റെ പ്രിയപ്പെട്ട അനുജന്‍ അര്‍ജ്ജുന്റെ അമ്മ എഴുതിയത്.
”ആ കണ്ണീര്‍ മഴക്കാലത്തിന്റെ ഓര്‍മകളില്‍ അമ്മ എന്നെയും ചേര്‍ത്തുവെച്ചിട്ടുണ്ട്.
എനിക്കും ആ കാലം മറക്കാനാവില്ല.
പ്രിയപ്പെട്ട അമ്മേ,
നിങ്ങള്‍ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും.
തോരാമഴ പെയ്ത, കണ്ണീര്‍ മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസ്സിലുണ്ട്.”
ആ ഓര്‍മകള്‍ക്ക് മരണമില്ല.
എന്നെക്കുറിച്ച് എഴുതിയ ഈ വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.