വരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വാദം തള്ളിക്കളഞ്ഞ് തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍. മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറുമാണ് ആജ് തക് ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹിന്ദുത്വ സംഘടനകളുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയത്.
തങ്ങള്‍ ചെറുപ്പം മുതലേ ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാന (ഹൗള്) കണ്ടിട്ടുട്ടുണ്ടെന്നും അതിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു. ഞാന്‍ കുട്ടിക്കാലം മുതല്‍ ആ വുദുഖാന കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല- രാജേന്ദ്ര തിവാരി പറഞ്ഞു. ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പ്ക്കലുണ്ട്. അത് യഥാര്‍ത്ഥ ശിവലിംഗം മാറ്റിസ്ഥാപിക്കാന്‍ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂര്‍വികര്‍ക്ക് നല്‍കിയതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വികര്‍ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അത് കേടുപാടു കൂടാതെ ഇന്നും കാണാം- തിവാരി കൂട്ടിച്ചേര്‍ത്തു.
കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മ്മാണത്തിനായാണ് യഥാര്‍ത്ഥത്തില്‍ ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടനാഴി വിപുലീകരണം നടക്കുമ്പോള്‍ അവര്‍ ശിവലിംഗങ്ങള്‍ തകര്‍ത്തു. കരുണേശ്വര്‍ മഹാദേവ്, അമൃതേശ്വര്‍ മഹാദേവ്, അഭിമുക്തേശ്വര്‍ മഹാദേവ്, ചണ്ഡി-ചന്ദേശ്വര്‍ മഹാദേവ് എന്നിവരാണ് കാശിയുടെ അധിപത ദേവതകള്‍. ദുര്‍മുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ പഞ്ചവിനായക പ്രതിമകകളും ഇടനാഴി വിപുലീകരണത്തിനിടെ അവര്‍ തകര്‍ത്തുകളഞ്ഞു. അവയെയെല്ലാം മൂലസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പക്ഷേ ഇതേക്കുറിച്ച് ആരും സംസാരിക്കില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സന്യാസി മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെ ആവര്‍ത്തിച്ചു. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഇത് കാണുന്നു. വിവിധ രൂപകല്‍പ്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ അവക്ക് ഒരു കല്ലിന്റെ അടിത്തറയുണ്ട്. എന്റെ അറിവില്‍ ഇത് ഒരു ഉറവയാണ്. അല്ലാത്തെ മറ്റു ചിലര്‍ അവകാശപ്പെടുന്നതുപോലുള്ള ശിവലിംഗം അല്ല – ഗണേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ഈ ഭാഗം സീല്‍ചെയ്ത് ഭദ്രമാക്കാനും പ്രവേശനം നിഷേധിക്കാനും സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.