X

ജനകീയ പ്രതിഷേധങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളായിരുന്നു നോട്ടു നിരോധനവും കര്‍ഷക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും. നോട്ടു നിരോധനം തിരുത്താന്‍ കഴിയാത്ത തെറ്റായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കിയ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ സമാനമായ ആഘാതം ഏല്‍പ്പിക്കുന്നതായിരുന്നു വിവാദമായ കര്‍ഷക നിയമങ്ങള്‍.

ഒരു വര്‍ഷവും നാലു മാസവും രണ്ടു ദിവസവും നീണ്ട ഐതിഹാസിക സമരത്തിനു മുന്നില്‍ ഒടുവില്‍ മോദിക്കും കൂട്ടര്‍ക്കും മുട്ടു മടക്കേണ്ടി വന്നു. കരിനിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കപ്പെട്ടു. കാലം നല്‍കിയ തിരിച്ചടികളോ ജനകീയ പ്രതിഷേധങ്ങളോ മോദി സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കുന്നില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനായി തട്ടിക്കൂട്ടിയ അഗ്നിപഥ് എന്ന പദ്ധതിയും ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും. ഏതൊരു രാജ്യവും പരമപ്രധാനമായി കരുന്നതാണ് രാജ്യരക്ഷ. ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മേഖല. അവിടെയാണ് കരാര്‍ വല്‍ക്കരണത്തിലൂടെ മോദി സര്‍ക്കാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഇടം കണ്ടെത്തുന്നത്. ഏറ്റവും അപകടകരമായ ഈ നീക്കത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തൊഴിലന്വേഷകരായ യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഒതുങ്ങുന്നതല്ല അഗ്നിപഥിനെതിരായ എതിര്‍പ്പ്. ഭരണ – പ്രതിപക്ഷ ഭേദമെന്യേ കേന്ദ്ര നീക്കത്തിനെതിരെ അമര്‍ഷം ഉയരുന്നുണ്ട്.

വരുണ്‍ ഗാന്ധി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ബിഹാറില്‍ സഖ്യ കക്ഷിയായ ജെ.ഡി.യു കേന്ദ്രനീക്കത്തിന് എതിരാണ്. ജാര്‍ഖണ്ഡിലും ബി.ജെ.പി സഖ്യകക്ഷി സമര മുഖത്തുണ്ട്. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഡസനിലധികം ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഗ്നിക്കിരയായത്. പൊലീസ് വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ക്കു നേരെയും ആക്രമണുണ്ടായി. തീവെച്ച് നശിപ്പിച്ചു.

കര്‍ഷക പ്രക്ഷോഭത്തിന്റെ അത്രതന്നെ സമാധാനപരമല്ല അഗ്നിപഥ് പ്രതിഷേധം എന്നതുകൊണ്ടുതന്നെ ഇതുവഴി പൊതുഖജനാവിനുണ്ടാക്കുന്ന നഷ്ടം കോടികളാണ്. എന്നിട്ടും തീരുമാനങ്ങളിലെ തെറ്റ് പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തത് നീക്കങ്ങള്‍ക്ക് പിന്നില്‍ സൈന്യത്തിലേക്ക് സ്വന്തക്കാരെ തിരുക്കിക്കയറ്റാനുള്ള സംഘ് പരിവാറിന്റെ ഗൂഢ നീക്കമാണിതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്.

Chandrika Web: