X

അര്‍ജുനായുള്ള ദൗത്യം പുനരാരംഭിക്കുന്നു; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക്

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ഗോവയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഡ്രഡ്ജര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു. ഇന്ന് വൈകീട്ട് കാര്‍വാര്‍ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.

ഡ്രഡ്ജര്‍ എത്തിയാലുടന്‍ ദൗത്യം സംബന്ധിച്ച അവലോകനയോഗം ചേരും. ശേഷം ഷിരൂരില്‍ എത്തിക്കും. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാകൂ. അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കാനാണ് സാധ്യത. തിരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കുമെന്നും ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നല്‍കി.

96 ലക്ഷം രൂപയാണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. പുഴയില്‍ പ്രവര്‍ത്തിക്കാനുള്ള ചെലവ് കൂടാതെയാണിത്. മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

webdesk13: