X

അട്ടപ്പാടി ഊരുകളിലെ ദുരിതം എന്നു തീരും- എഡിറ്റോറിയല്‍

കേരളം ഒരിയ്ക്കലും കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്ത വാര്‍ത്തയാണ് അട്ടപ്പാടി ആദിവാസി ഊരില്‍നിന്നും പുറത്തുവരുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലും പിന്നിലാക്കുന്നതാണ്, മുന്‍പന്തിയിലെന്ന് മേനി നടിക്കുന്ന കേരളത്തിലെ ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ കരളലിയിക്കുന്ന ജീവിതമെന്ന് ഒരിക്കല്‍ക്കൂടി കാണിച്ചുതന്നു. പ്രാകൃത കാലത്തെ ഓര്‍മപ്പെടുത്തുന്ന കണ്ണുനീര്‍ നനവുള്ള സംഭവങ്ങളാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ കടുകുമണ്ണ ഊരില്‍നിന്ന് കേട്ടത്. ആംബുലന്‍സോ മറ്റ് വാഹന സൗകര്യങ്ങളോ ലഭിക്കാതെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം മഞ്ചലില്‍ ചുമന്നായിരുന്നു. അതും മഴയത്ത്, വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ വനത്തിലൂടെ നടന്നുകൊണ്ട്!

ആദിവാസികള്‍ ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കരളലിയിക്കുന്ന ജീവിതാവസ്ഥയുടെ നേര്‍ചിത്രമാണ് ഇതെന്ന് കണ്ടെത്താനാവും. പക്ഷേ അനുഭവങ്ങളുടെ നേര്‍സാക്ഷ്യം മുമ്പിലുള്ളപ്പോഴും സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനാണ് ഭരണത്തിലിരിക്കുന്നവരുടെ ശ്രമം. മുന്നൂറ് മീറ്റര്‍ മാത്രം ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് മന്ത്രി കെ. രാധാകൃഷ്ണന്റെ വാദം. ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ രണ്ടര കീലോമീറ്റലധികം സുമതി മുരുകന്‍ എന്ന യുവതിയെ ചുമന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാറിന്റെ വീഴ്ച മറച്ചുപിടിക്കാനും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനുമാണ് മന്ത്രിയുടെ ശ്രമമെന്ന് വ്യക്തമാണ്.

കടുകുമണ്ണ ഊരില്‍ നിന്ന് രണ്ടര കിലോമീറ്ററിലധികം തുണിയില്‍ ചുമന്നാണ് സുമതിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിച്ചതെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നുമാണ് യുവതിയുടെ ഭര്‍ത്താവ് മുരുകന്‍ പറയുന്നത്. കടുകുമണ്ണ ഊരിലെ നിവാസികള്‍ക്ക് പുറംലോകത്തേക്ക് എത്താന്‍ ഭവാനിപ്പുഴയുടെ കുറുകെയുള്ള തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെയും സഞ്ചരിക്കണം. ശനിയാഴ്ച രാത്രി 11നാണു വേദന തുടങ്ങിയത്. ഊരില്‍ മൊബൈല്‍ ഫോണിന് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ വൈകി. റെയ്ഞ്ചുള്ള സ്ഥലത്തെത്തി ട്രൈബല്‍ പ്രമോട്ടര്‍ ജ്യോതിയാണ് രാത്രി 12.45നു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രിയ ജോയിയെ വിവരമറിയിച്ചത്.

ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങള്‍ക്ക്‌ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ആംബുലന്‍സ് എത്തി. സ്വകാര്യ വാഹനങ്ങള്‍ക്കായി ശ്രമിച്ചുവെങ്കിലും ആനപ്പേടി കാരണം ആരും വന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2.30ന് വാഹനം എത്തിയെങ്കിലും മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുകുമണ്ണക്ക് പോകാതെ ആനവായില്‍ വാഹനം നിര്‍ത്തേണ്ടിവന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് ആറ് മണിക്കൂര്‍ കഴിഞ്ഞാണ് സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് ഡി.എം.ഒയും വ്യക്തമാക്കുന്നത്. ഈ വീഴ്ച മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നിലെന്ന് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നതും വെറുതെയല്ല.

ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം വീഴ്ച മറച്ചുവെക്കാനും ഉത്തരവാദിത്തത്തില്‍ നിന്നു ഒളിച്ചോടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കാറ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് ഭരിക്കുന്നവരുടെ ചുമതലയുമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിനും മന്ത്രിമാര്‍ക്കും വിമര്‍ശനങ്ങള്‍ അസഹിഷ്ണുതയാണ് ഉളവാക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് മണ്ണാര്‍ക്കാടിന്റെ ജനപ്രതിനിധി അഡ്വ. എന്‍. ഷംസുദ്ദീന്‍ നേരത്തെ നിയമസഭയില്‍ സംസാരിച്ചപ്പോള്‍ അതിനെ പരിഹസിക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണാജോര്‍ജ്.
പരിഹാസങ്ങളും കുറ്റപ്പെടുത്തലും അല്ല ഭരണ കക്ഷിയില്‍നിന്നുണ്ടാവേണ്ടത്. വികസന വാഗ്ദാനങ്ങള്‍ വേണ്ടുവേളം നല്‍കുന്നുണ്ട് സര്‍ക്കാര്‍. എന്നാല്‍ ഒന്നും പ്രവൃത്തിപഥത്തിലെത്തുന്നില്ലെന്ന് മത്രം. പൊട്ടിപ്പൊളിഞ്ഞ നടവഴികളും സൗകര്യങ്ങളില്ലാത്ത ആശുപത്രികളുമാണ് ഇപ്പോഴും. വികസനത്തിന്റെ അടിസ്ഥാനം ഗതാഗത യോഗ്യമായ റോഡ് സൗകര്യമാണ്. നേരാംവണ്ണം ഒരു റോഡുപോലും പണിയാന്‍ ദൂരത്തിന്റെ കണക്കെടുക്കുന്ന മന്ത്രിക്കോ സര്‍ക്കാറിനോ ആയിട്ടില്ല എന്നത് സങ്കടകരമാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ രോഗികളെയും ഗര്‍ഭിണികളെയും ആശുപത്രികളിലെത്തിക്കുക എന്നത് വളരെ ശ്രമകരമാണ്. അട്ടപ്പാടിയോട് എല്ലാ നിലയിലും അവഗണന കാണിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ കണ്ണുനീരിനു മറുപടി പറയേണ്ടത്.

Test User: