ന്യൂഡല്‍ഹി: രാജ്യത്തെ ദയനീയമായ മുസ്ലിം സാമൂഹിക-സാമ്പത്തിക സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സര്‍ക്കാര്‍ ജോലി എന്നീ കാര്യങ്ങളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാള്‍ മോശമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 25% മുസ്ലിം കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല എന്ന വസ്തുത ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം യുവാക്കളുടെ അവസ്ഥ ദയനീയമാണ്. ഏറ്റവും കുറഞ്ഞ ശമ്പളമുള്ള തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെടുന്നത്. -അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഏകപക്ഷീയമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകള്‍ തകര്‍ക്കുകയും അവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ഈ ബുള്‍ഡോസര്‍ രാജ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണം. നിര്‍ത്തിവെച്ച സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും പുനഃസ്ഥാപിക്കണം. മദ്രസകള്‍ നവീകരിക്കണം. മുസ്ലിംകള്‍ക്കെതിരെ ചുമത്തിയ ഏകപക്ഷീയമായ നിയമ നടപടികളുടെയും ശിക്ഷകളുടെയും വിലയിരുത്തലിനായി സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയമിക്കണം. മുസ്ലിംകള്‍ നേരിടുന്ന വിവേചനം പരിശോധിക്കാന്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു കമ്മിറ്റി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അതിക്രമങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്കായി നിയമം കൊണ്ടുവരണമെന്നും അവര്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കണമെന്നും പി.വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.