റിയാദ്: ഒരു ഇടവേളക്ക് ശേഷം ഭീതിയുളവാക്കി സഊദിയില്‍ കോവിഡ് ബാധ രണ്ടായിത്തിയഞ്ഞൂറ് കടന്നു. വ്യാപനത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ അതിതീവ്ര വ്യാപന സ്വഭാവം കണക്കിലെടുത്താല്‍ വരും ദിവസങ്ങളില്‍ രാജ്യത്ത് വലിയ രീതിയില്‍ കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും വരുന്ന ആഴ്ച്ചകളില്‍ ലോകത്തെങ്ങും ഒമിക്രോണ്‍ അതിവ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.
131 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിന് കാരണമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ വകഭേദം സഊദിയിലെത്തിയതെന്ന് കരുതുന്നു. യഥാര്‍ത്ഥ ഉറവിടം കൃത്യമായി സ്ഥിരീകരിക്കാത്തതിനാല്‍ മറ്റു വല്ല രാജ്യങ്ങളില്‍ നിന്നാണോ എന്നതും പറയാനാവില്ല. സഊദി മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ പൊതുസമൂഹം കൃത്യമായി പാലിക്കുകയും മുന്‍കരുതല്‍ നടപടികളില്‍ അലംഭാവം കാട്ടാതിരിക്കുകയും ചെയ്താല്‍ രാജ്യത്ത് വ്യാപനം തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.