തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് 4 ദിവസം. തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഉച്ചയ്ക്ക് മുമ്പായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്.
എന്നാല്‍ ആ ഉറപ്പ് പാഴ് വാക്കാവുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ഇതുമൂലം ദിവസങ്ങളോളം കുടിവെള്ളം ഇല്ലാതെ പ്രതിസന്ധിയില്‍ വലയുകയാണ് ജനം.
തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്.
44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിലായിരിക്കും ജലവിതരണം തുടരുന്നത്.