സപ്ലൈകോയില്‍ ഇന്നുമുതല്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. ഉറപ്പുനല്‍കിയ 13 ഇനങ്ങളില്‍ പലയിടത്തും എല്ലാ സാധനങ്ങളും ലഭ്യമല്ലെന്നാണു വിവരം. തലസ്ഥാനത്തെ പ്രധാന ഔട്ട്ലെറ്റുകളില്‍ മിക്കതിലും പല സാധനങ്ങളുമില്ല.
നാളെ അത്തം തുടങ്ങാനിരിക്കെയാണ് ഇന്നുമുതല്‍ അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഉറപ്പുനല്‍കിയ 13 അവശ്യസാധനങ്ങളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രം വാങ്ങി മടങ്ങേണ്ട സ്ഥിതിയാണ് ഇന്നു പലയിടത്തുമുള്ളത്. ഉഴുന്ന്, പരിപ്പ്, വന്‍പയര്‍, മുളക് എന്നിവയാണ് തിരുവനന്തപുരം പഴവങ്ങാടിയിലുള്ള സപ്ലൈകോയില്‍ ഇല്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിലും മുളകും വന്‍പയറും ഉഴുന്നും ലഭ്യമല്ല. ലോഡ് എത്തിയാല്‍ മാത്രമേ മുഴുവന്‍ സാധനങ്ങളും നല്‍കാന്‍ കഴിയൂവെന്ന് സപ്ലൈകോ ജീവനക്കാര്‍ പറയുന്നു. സാധനങ്ങള്‍ വളരെ വേഗം തീരുകയാണെന്നും ഇവര്‍ പറയുന്നു.