നവകേരള സദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനത്തിന് ഓട്ടക്കുറവൊന്നുമില്ല. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകള്‍ പോകുന്നില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം.
മന്ത്രി സഭയുടെ നവകേരള ബസ് യാത്ര ചെലവ് ചുരുക്കാനാണെന്ന വാദം പാളി. വയനാട്ടിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വരവ് നവകേരള ബസിലായിരുന്നു. ഇതില്‍ ബസിനൊപ്പം പൊലീസ് എസ്‌കോര്‍ട്ടും മറ്റു അകമ്പടി വാഹനങ്ങളും മാത്രമായിരുന്നു. എന്നാല്‍, താമസ സ്ഥലത്ത് നിന്നും പ്രഭാത യോഗത്തിലേക്ക് മന്ത്രിമാരെത്തുന്നത് ഓരോരോ വാഹനങ്ങളിലായിട്ടാണ്ട്. ചിലര്‍ സ്വന്തം വാഹനത്തില്‍, ചിലര്‍ ഒരുമിച്ചെത്തും. അതിനുമുണ്ടൊരു ന്യായവും ലാഭക്കണക്കും.
മന്ത്രിമാരുടെ ലഗേജുമായാണ് വാഹനങ്ങള്‍ ഹാള്‍ട്ടങ് കേന്ദ്രത്തിലേക്ക് എത്തുക. ബസ് വരുന്ന വഴിയൊഴിവാക്കി, നേരത്തെ കാലത്തെ ലക്ഷ്യസ്ഥാനത്ത് എത്തും. അവിടെ നിന്ന് രാവിലെ നടക്കാന്‍ പോകാനും, പ്രസംഗ ചുമതലയുള്ളവര്‍ വേദിയിലേക്ക് നേരത്തെ എത്താനും സ്വന്തം വാഹനം ഉപയോഗിക്കും. എന്നാലും ലാഭമാണെന്നാണ്
നിലവിലെ സര്‍ക്കാര്‍ കണക്ക്.
അതേസമയം, നവകേരള സദസിലേക്ക് മന്ത്രിസഭ ബസിലെത്തുമ്പോള്‍ അകമ്പടിയായി മറ്റൊരു ബസ് കൂടി ഒപ്പം ഓടുന്നുണ്ട്. യാത്രക്കാരില്ലാതെ, മണ്ഡലങ്ങളില്‍ നിന്ന് മണ്ഡലങ്ങളിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ്. കാബിനറ്റ് ബസിന്റെ യാത്രയെങ്ങാനും മുടങ്ങിയാലുള്ള പകരം സംവിധാനമായിട്ടാണ് കെഎസ്ആര്‍ടിസിയുടെ എസി വോള്‍വോ ബസ് ഓടുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ആര്‍എസ് 781 ബസാണ് നവകേരള ബസിന് പുറകെ ഓടുന്നത്.