X

മന്ത്രിയുടെ കണക്ക് തെറ്റ്; പ്ലസ് വണ്‍ സീറ്റ് കിട്ടാതെ മലപ്പുറത്ത് 24,352 പേര്‍

മലപ്പുറത്ത് പ്ലസ് വണിന് സീറ്റ് ലഭിക്കാതെ 24,352 കുട്ടികള്‍. മെറിറ്റ്, മാനേജ്മെന്റ്, സ്പോര്‍ട്ട്സ്, എംആര്‍എസ് ക്വാട്ടയടക്കം 6347 സീറ്റുകളാണ് ആകെ ബാക്കിയുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ സീറ്റില്‍ പ്രവേശനം നേടിയാലും 18,005 കുട്ടികള്‍ പുറത്തു നില്‍ക്കേണ്ടി വരും. മലപ്പുറത്തെ പ്രവേശനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ കണക്ക്.

17,298 പേര്‍ക്കാണ് മലപ്പുറത്ത് ഇനി സീറ്റ് കിട്ടാനുള്ളതെന്നായിരുന്നു കണക്കുകള്‍ നിരത്തി വിദ്യാഭ്യാസമന്ത്രിയുടെ വാദം. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോള്‍ 7408 സീറ്റിന്റെ പ്രശ്നമാണ് വരികയെന്നും മന്ത്രി പറഞ്ഞിരുന്നു.

മറ്റ് ജില്ലകളില്‍ പ്രവേശനം നേടിയവരെ മാറ്റിനിര്‍ത്തിയാല്‍ ആകെ 78,114 പേരാണ് മലപ്പുറത്ത് പ്ലസ് വണിന് അപേക്ഷിച്ചത്. ഇതില്‍ 53,762 കുട്ടികള്‍ പ്രവേശനം നേടി. അണ്‍ എയ്ഡഡ് സീറ്റുകളുടെ കണക്കെടുത്താലും 10,800 സീറ്റുകളാണിവിടെ ബാക്കിയുള്ളത്. ഇതില്‍ പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സ്‌കൂളില്‍ പോയി പഠിക്കാനാവില്ല. എന്നാല്‍ 11,546 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയില്ല എന്ന് പറഞ്ഞ് ഈ കുട്ടികളെ വിദ്യാഭ്യാസമന്ത്രി കണക്കില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.

മലപ്പുറത്തെ പ്ലസ്വണ്‍ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ പ്രവേശനം നേടിയവരെയും വി.എച്ച്.എസ്.സിയില്‍ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടുത്തിയിരുന്നു.

webdesk13: