ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ 726 റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച്. 2018 ഓഗസ്റ്റില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയതും അവര്‍ എസ്ആര്‍ഐടിക്ക് ഉപകരാര്‍ നല്‍കിയതും. ഉപകരാര്‍ നല്‍കുന്നത് ഗതാഗത വകുപ്പ് അറിയേണ്ട എന്ന വ്യവസായ വകുപ്പിന്റെ വാദം തെറ്റാണെന്ന് ഉത്തരവ് പുറത്തുവന്നതോടെ വ്യക്തമായി.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി 2018ല്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് രണ്ടുതരത്തില്‍ കരാര്‍നല്‍കാം എന്നത് വ്യക്തമായിരുന്നു. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും കരാര്‍ നല്‍കാം. അക്രഡിറ്റഡ് ഏജന്‍സിക്ക് മതിയായ വൈദഗ്ധ്യം ഉണ്ടെങ്കിലെ അവര്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായിരുന്നു. കരാര്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്യം ബന്ധപ്പെട്ട വകുപ്പിനായിരിക്കും. റോഡ് ക്യാമറകള്‍ സ്ഥാപിച്ച് പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കിയത് സര്‍ക്കാരിന്റെ വീഴ്ചയായി. ഗതാഗത വകുപ്പ് ഇക്കാര്യം അറിയണമെന്നില്ല എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് നല്‍കിയ മറുപടി.