പത്താം ക്ലാസ് പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന പ്രസ്താവനയില്‍ സജി ചെറിയാനെ തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി. പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് സജി ചെറിയാന്‍ പ്രസ്താവന നടത്തിയത്.
ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യവില്‍പന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.